ബാങ്കോക്
സൈനിക ഭരണത്തിനെതിരെ ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് മ്യാന്മറിലെ ‘നിഴൽ സർക്കാർ’. എല്ലാ ഗ്രാമത്തിലും നഗരത്തിലും ഒരേസമയം പ്രതിഷേധം സംഘടിപ്പിക്കണമെന്ന് നിഴൽ സർക്കാരിന്റെ ആക്ടിങ് പ്രസിഡന്റ് ദുവാ ലാഷി ലാ പറഞ്ഞു. സൈനിക ഭരണത്തിനും അവർ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയ്ക്കുമെതിരെ പ്രതിഷേധിക്കണം. സർക്കാർ ഉദ്യോഗസ്ഥർ ജോലിക്ക് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓങ് സാൻ സൂകിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിനെ അട്ടിമറിച്ച് ഫെബ്രുവരിയിലാണ് പട്ടാളം ഭരണം പിടിച്ചത്. തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധം സൈന്യം അടിച്ചമർത്തുകയാണ്. അതേസമയം, മുസ്ലിംവിരുദ്ധതയ്ക്ക് കുപ്രസിദ്ധനായ ബുദ്ധ സന്യാസി വിരാതുവിനെ സൈന്യം ജയിലിൽനിന്ന് വിട്ടയച്ചു. മുൻ സർക്കാരിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച കേസിലാണ് ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്.