തിരുവനന്തപുരം
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപാ വൈറസ് സ്ഥിരീകരിച്ചത് റിപ്പോർട്ട്ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ. അടിയന്തരയോഗം ചേർന്ന് പ്രതിരോധ കർമപദ്ധതി രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ ഉടൻ ഏകോപിച്ചുള്ള പ്രവർത്തനം തുടങ്ങി. നിപായുടെ ഉറവിടം കണ്ടെത്താൻ ഊർജിതശ്രമം നടക്കുന്നതായും -മുഖ്യമന്ത്രി പറഞ്ഞു.
അപായസാധ്യതാ വിഭാഗത്തിലുള്ളവരെ അന്നുതന്നെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്കു മാറ്റി. സമ്പർക്കത്തിലുള്ളവരെ മെഡിക്കൽ കോളേജിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ലഭ്യമാക്കി. അധികം ജീവനക്കാരെ നിയമിക്കാനും പരിശീലനം ലഭ്യമായവരെ നിപാ ചികിത്സയ്ക്ക് നിയോഗിക്കാനും നടപടികൾ സ്വീകരിച്ചു. വിവിധ ചുമതല നൽകി 16 കമ്മിറ്റി രൂപീകരിച്ചു.
സമ്പർക്കപ്പട്ടികയിൽ 257 പേരാണുള്ളത്. പുണെയിൽനിന്ന് ലഭിച്ച എട്ട് ഫലവും കോഴിക്കോട് ലാബിൽനിന്നുള്ള ഫലങ്ങളും നെഗറ്റീവാണെന്നത് ആശ്വാസകരമാണ്. ചൊവ്വ കൂടുതൽ സാമ്പിൾ മെഡിക്കൽ കോളേജിൽ പരിശോധിച്ചു. ചില സാമ്പിൾ പുണെയിലേക്ക് അയച്ചു. പുണെ–-ആലപ്പുഴ എൻഐവികൾ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമംകൊണ്ടാണ് അതിവേഗം കോഴിക്കോട്ട് നിപാ പരിശോധന ലാബ് സജ്ജമാക്കിയത്–- മുഖ്യമന്ത്രി പറഞ്ഞു
ഇതരജില്ലക്കാർക്ക് ചികിത്സ ഉറപ്പാക്കി
നിപാ സമ്പർക്കപ്പട്ടികയിലുള്ള ഇതര ജില്ലക്കാർക്ക് ആവശ്യമുള്ള ചികിത്സയും പരിചരണവും നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ജില്ലയിലെ നാലും മലപ്പുറത്തെ എട്ടും കണ്ണൂരിലെ മൂന്നും എറണാകുളം, പാലക്കാട്, കൊല്ലം ജില്ലകളിലെ ഓരോരുത്തർ വീതവും സമ്പർക്കപ്പട്ടികയിലുണ്ട്. കണ്ണൂരിൽ നിന്നും മലപ്പുറത്തുനിന്നും ഉള്ളവരെ കോഴിക്കോട്ടെത്തിച്ചു.
ആർക്കും ഗുരുതരമായ രോഗ ലക്ഷണങ്ങളില്ല. നിപാ സ്ഥിരീകരിച്ച പ്രദേശത്ത് പരിശീലനം ലഭ്യമായ സംഘങ്ങൾ വീട്ടുസന്ദർശനം നടത്തി ലക്ഷണങ്ങളടക്കമുള്ള വിവരങ്ങൾ ശേഖരിക്കും. 25 വീടുകൾക്ക് ഒന്ന് എന്ന രീതിയിൽ ഇതിന് ക്രമീകരണം നടത്തി. നിപാ പ്രതിരോധം ശക്തമാക്കാൻ സ്റ്റേറ്റ് നിപാ കൺട്രോൾ സെൽ ആരംഭിച്ചു. ജില്ലകളിലെ പ്രതിരോധം ശക്തമാക്കാനും ഏകോപിപ്പിക്കാനും ഇതിലൂടെ സാധിക്കും. വിവരങ്ങളറിയാനും കൈമാറാനും ഇ ഹെൽത്ത് സോഫ്റ്റ് വെയർ സംവിധാനവും ഏർപ്പെടുത്തി.
മെഡിക്കൽ ഓഫീസർമാർക്ക് വിദഗ്ധ പരിശീലനം
കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലെയും മെഡിക്കൽ ഓഫീസർമാർക്ക് വിദഗ്ധ പരിശീലനം നൽകി. രോഗി ആശുപത്രിയിലെത്തുമ്പോൾ മുതൽ ചികിത്സ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും പാലിക്കേണ്ട മാർഗനിർദേശങ്ങളും നൽകി. രോഗപ്രതിരോധം, നിരീക്ഷണം, റെഫറൽ, ബോധവൽക്കരണം എന്നിവയിലൂന്നിയായിരുന്നു പരിശീലനം. ഇത് കൂടാതെ ജെഎച്ച്ഐ, ജെപിഎച്ച്എൻ, ആശാ വർക്കർമാർ, സിഡിപിഒ, അങ്കണവാടി സൂപ്പർവൈസർമാർ എന്നിവർക്കും പരിശീലനം നൽകി. പലതരത്തിലുള്ള തെറ്റായ പ്രചാരണങ്ങളും വ്യാപകമായുണ്ട്. അത് കണ്ടെത്തി തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വേഗത്തിൽ
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം വേഗത്തിൽ നടന്നുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്ന്, രണ്ട് ലെവൽ ലാബുകളുടെ നിർമാണം പൂർത്തിയായി. ലെവൽ മൂന്നിനുള്ള താൽപ്പര്യപത്രം ക്ഷണിച്ചു. ബയോസേഫ്റ്റി ലവൽ –- 3 ലാബുകളുടെ നിർമാണം മാനദണ്ഡപ്രകാരം പുരോഗമിക്കുകയാണ്. ഏറെ സൂക്ഷ്മത വേണ്ടതാണെന്ന് ഐസിഎംആർ മാർഗനിർദേശമുണ്ട്. അതിന്റേതായ കാലതാമസമുണ്ട്. രോഗനിർണയത്തിനുള്ള വിഭാഗമാണ് ആദ്യഘട്ടം, അത് സജ്ജമായി. പ്ലസ്വൺ ക്ലാസുകൾ തുറക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ നടപടിയെടുക്കുമെന്നും ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ആശുപത്രിയിൽ എത്താൻ വൈകരുത്
കോവിഡ് സ്ഥിരീകരിച്ചവർക്ക് അനുബന്ധ രോഗങ്ങൾ ഉണ്ടെങ്കിൽ ആദ്യദിവസം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗം ഗുരുതരമാകാൻ കാത്തുനിൽക്കരുത്. പലരും ഗുരുതരാവസ്ഥയിൽ വൈകിയാണ് ആശുപത്രിയിൽ എത്തുന്നത്. 2,38,782 കോവിഡ് ബാധിതരിൽ 12.82 ശതമാനം പേര് മാത്രമാണ് ആശുപത്രിയിലോ ഫീൽഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഉചിതമായ പരിചരണം ഉറപ്പു വരുത്തുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോർട്ടലിൽ വിവരം പുതുക്കണം
കണ്ടെയ്ൻമെന്റ് സോണുകളുടെ വിവരങ്ങൾ ബുധനാഴ്ചയും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളുടെ വിവരങ്ങൾ എല്ലാ ദിവസവും പുതുക്കാൻ കർശന നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഐടി മിഷനിൽനിന്ന് വിദഗ്ധനെ താൽക്കാലികമായി നിയമിക്കും. കോവിഡ് ജാഗ്രതാ പോർട്ടലിലും ജില്ലാ വെബ് സൈറ്റുകളിലും വിവരങ്ങൾ പുതുക്കാത്തത് ശ്രദ്ധയിൽപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.