കാബൂൾ > അഫ്ഗാനിസ്ഥാനിൽ താലിബാന് ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചു. മുല്ല ഹസൻ അഖുൻദ് പ്രധാനമന്ത്രിയാകും. മുല്ല ബറാദര്‍ ഒന്നാം ഉപപ്രധാനമന്ത്രിയും മൗലവി ഹനാഫി രണ്ടാം ഉപപ്രധാനമന്ത്രിയുമാകും. പ്രതിരോധ മന്ത്രിയുടെ ചുമതല മുല്ല യാക്കൂബും ആഭ്യന്തര മന്ത്രിയുടെ ചുമതല സിറാജുദ്ദീൻ ഹഖാനിയും വഹിക്കുമെന്ന് താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
താലിബാന്റെ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുൻദസാദായാണ് പ്രധാനമന്ത്രിയായി ഹസൻ അഖുൻദിന്റെ പേര് നിർദേശിച്ചതെന്നാണ് സൂചന. താലിബാന്റെ നയങ്ങൾ രൂപീകരിക്കുന്ന റെഹ്ബാരി ശൂര അധ്യക്ഷനാണ് ഹസന് അഖുന്ദ്. പഴയ താലിബാന് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു.