സകലേഷ്പൂരിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 27 വയസുള്ള യുവാവ് കഴിഞ്ഞ വർഷമാണ് അയൽ ഗ്രാമത്തിലെ 20 വയസ്സുള്ള ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നത്. അവർ പതിവായി കണ്ടുമുട്ടാൻ തുടങ്ങിയതോടെ പ്രണയത്തിലായി. അതിനിടെ യുവാവ് ആറുമാസം മുമ്പ് മറ്റൊരു യുവതിയുമായി പരിചയപ്പെട്ടു. ഇതും ഒടുവിൽ പ്രണയത്തിലെത്തി. രണ്ട് യുവതികളുമായും യുവാവ് പ്രണയം തുടർന്നു.
ഒരു ദിവസം ഒരു യുവതിയുമായി യുവാവ് നടക്കാനിറങ്ങിയ യുവാവിനെ ബന്ധു കണ്ടു. ഉടനെ വീട്ടുകാരെ കാര്യം അറിയിച്ചു. പെൺകുട്ടിയെ സ്നേഹിക്കുന്നുവെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവാവ് പറഞ്ഞു. എന്നാൽ യുവാവിന്റെ വീട്ടുകാർ ഇത് തടയുകയും മറ്റൊരു വിവാഹത്തിന് യുവാവിനെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ രണ്ടാമത്തെ യുവതിയും യുവാവിന്റെ വീട്ടിലെത്തി പ്രണയബന്ധം തുറന്നു പറഞ്ഞു.
എന്തുചെയ്യണമെന്ന് യുവാവിന്റെ വീട്ടുകാർ ചിന്തിക്കുന്നതിനിടെ ത്രികോണ പ്രണയത്തിന്റെ വാർത്ത നാട്ടിൽ പരന്നു. ഒടുവിൽ ഗ്രാമ പഞ്ചായത്ത് കൂടി. ആരെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് യുവാവിനോട് ചോദിച്ചപ്പോൾ, രണ്ട് പെൺകുട്ടികളും ഭാര്യയാകണമെന്ന് വാദിച്ചു. അതേ സമയം യുവാവ് ഒന്നും പറഞ്ഞതുമില്ല. ഇതേതുടർന്ന് വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ ഒരു പെൺകുട്ടി വിഷം കഴിച്ച് സ്വയം കൊല്ലാൻ ശ്രമിച്ചു. എന്നാൽ രക്ഷപെട്ടു.
ഇതേതുടർന്ന് മറ്റൊരു ദിവസം വിളിച്ചു ചേർത്ത ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്തിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന് പുരുഷന്റെയും രണ്ട് പെൺകുട്ടികളുടെയും കുടുംബങ്ങൾ ഒരു കരാർ ഒപ്പിട്ടു. തീരുമാനം തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ മൂന്ന് കക്ഷികളിലാരും പോലീസിലേക്കോ കോടതിയിലേക്കോ മാധ്യമങ്ങളിലേക്കോ പോകില്ല എന്നും സമ്മതിച്ചു. തുടർന്ന് ഏത് പെൺകുട്ടിയാണ് പുരുഷനെ വിവാഹം കഴിക്കേണ്ടതെന്ന് തീരുമാനിക്കാൻ പഞ്ചായത്ത് ചെയ്തതെന്തെന്നോ? ഒരു നാണയം ടോസ് ചെയ്തു.
ആദ്യത്തെ പെൺകുട്ടിക്കാണ് യുവാവിനെ വിവാഹം ചെയ്യാനുള്ള നറുക്ക് വീണത്. രണ്ടമത്തെ പെൺകുട്ടി ആദ്യത്തെ പെൺകുട്ടിക്ക് ആശംസ അറിയിക്കുകയും തുടർന്നു യുവാവിന്റെ അടുത്തെത്തി മുഖത്ത് ഒറ്റയടിയും. ശുഭം.