കൊച്ചി > നാവികസേനയുടെ ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന ഇ-മെയിൽ സന്ദേശം അയച്ചത് കൊച്ചി കപ്പൽശാലയിലുള്ളവർതന്നെയെന്ന് സൂചന. ഇ-മെയിൽ സന്ദേശമയച്ച ഐപി വിലാസം കേന്ദ്രീകരിച്ച് പൊലീസ് സൈബർ സെല്ലും സൈബർഡോമും നടത്തിയ പരിശോധനയിലാണ് നിർണായക വിവരം ലഭിച്ചത്.
സന്ദേശം ലഭിച്ച കപ്പൽശാലാ ഉദ്യോഗസ്ഥരിൽനിന്ന് പൊലീസ് മൊഴിയെടുത്തു. അറസ്റ്റ് ഉടനുണ്ടാകും.
കപ്പൽശാലയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് സന്ദേശം അയച്ചതെന്നാണ് കണ്ടെത്തൽ. ആഗസ്ത് 24 മുതലാണ് വിവിധ ഉദ്യോഗസ്ഥർക്ക് ഭീഷണിസന്ദേശം അയച്ചിട്ടുള്ളത്. കപ്പൽശാലാ അധികൃതരുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കേന്ദ്ര വ്യവസായ സംരക്ഷണസേനയ്ക്കുപുറമെ കേരള പൊലീസും കപ്പൽശാലയുടെ അകത്തും പുറത്തും വരുംദിവസങ്ങളിലും സുരക്ഷ തുടരും. കൊച്ചി കായലിൽ രാത്രി പട്രോളിങ്ങും തുടരും. നങ്കൂരമിട്ടിരിക്കുന്ന മറ്റു നാലു കപ്പലുകളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ചൊവ്വാഴ്ച കപ്പൽശാലയിൽ ജോലിക്കെത്തിയ കരാർ തൊഴിലാളികളെ ഉൾപ്പെടെ കർശന പരിശോധനയ്ക്കുശേഷമാണ് പ്രവേശിപ്പിച്ചത്. കേന്ദ്ര ഏജൻസികളും വിവരം ശേഖരിച്ചിട്ടുണ്ട്.