കുവൈറ്റ് സിറ്റി > ഒന്നര വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാനസർവ്വീസ് പുനരാരംഭിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ആദ്യം പറന്നിറങ്ങിയത് കൊച്ചിയിൽനിന്നുള്ള ജസീറ എയർവേസിൻ്റെ ഫ്ലൈറ്റ് 1406 ആയിരുന്നു. രാവിലെ 5.30 ന് 167 യാത്രക്കാരുമായിട്ടാണ് ജസീറ എത്തിയത്.
ബോംബെയിൽ നിന്നുമുള്ള കുവൈറ്റ് എയർവേയ്സിൻ്റെ വിമാനം കെഎസി 13 02 രാവിലെ 6 മണിക്കും ചെന്നെയിൽ നിന്നുമുള്ള കെഎസി 1344 വിമാനം രാവിലെ 6.30 നുമാണ് എത്തിച്ചേർന്നത്. ഡൽഹിയിൽ നിന്നുള്ള ജസീറ എയർവെയ്സ് വിമാനം രാവിലെ 7 മണിക്കും എത്തി. അഹമ്മദ്ബാദിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനം വൈകുന്നേരത്തോടെ എത്തുമെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് – 19 വൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ 2020 മാർച്ചുമാസം മുതലാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനരഹിതമായത്. 2021 ഓഗസ്റ്റ് ഒന്നിന് വിമാനത്താവളം ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചിരുന്നുവെങ്കിലും നേരിട്ടുള്ള വിമാനസർവീസ് ഇന്നു മുതലാണ് ആരംഭിച്ചത്. എയർ ഇന്ത്യ 240 കുവൈറ്റ് ദിനാറാണ് ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. (ഇന്ത്യൻ രൂപ 58000 ) കുവൈറ്റിലേക്ക് എയർലൈനുകൾ 1000 കുവൈറ്റ് ദിനാർ വരെ ഈടാക്കിയിരുന്നു ( 2,40,000 ഇന്ത്യൻ രൂപ). എയർ ഇന്ത്യ സർവ്വീസ് ആരംഭിച്ചത് കുവൈറ്റ് പ്രവാസികൾക്ക് വലിയ ആശ്വാസമായി. ഇന്ത്യൻ എംബസിയുടെ സമയോജിതമായ ഇടപെടലുകളും ഫലം കണ്ടു.
വരും ദിനങ്ങളിൽ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയാനും സാധ്യതയുണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ അറിയിച്ചു.
ഇന്ത്യ – കുവൈറ്റ് എയർലൈനുകളിലായി പ്രതിദിനം ഇന്ത്യയിൽ നിന്നും 768 യാത്രക്കാർക്ക് രാജ്യത്തേക്ക് മടങ്ങിഎത്താൻ കുവൈറ്റ് ഗവ. അനുമതി നൽകിയിട്ടുള്ളത്. കുവൈറ്റിലേക്ക് വരുന്നവർക്ക് പ്രത്യേക യാത്രാ നിർദ്ദേശങ്ങൾ ഡിജിസിഎ നൽകിയിട്ടുണ്ട്. ഇന്ത്യയിൽനിന്നും ഒരു ലക്ഷം യാത്രക്കാരെങ്കിലും കുവൈറ്റിലേക്ക് മടങ്ങി എത്താൻ സാധ്യതയുള്ളതായി കരുതപ്പെടുന്നു. ഇവിടുത്തെ തൊഴിൽ മേഖലയിലെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകും പുനരാരംഭിച്ച വിമാന സർവ്വീസ്.