കോഴിക്കോട്: ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം പിൻവലിച്ച് മാപ്പ് പറഞ്ഞിട്ടും ഭീഷണി തുടരുകയാണെന്ന് പള്ളിയോടത്തിൽക്കയറി ഫോട്ടോയെടുത്ത് വിവാദത്തിലായ നവമാധ്യമ താരം നിമിഷ. ആരെല്ലാമാണ് ഫോൺ വിളിക്കുന്നതെന്ന് അറിയില്ല. പോസ്റ്റ് ചെയ്ത ചിത്രം പിൻവലിച്ച് മാപ്പ് പറഞ്ഞു.ക്ഷേത്രത്തിൽ പോയി പരിഹാരം ചെയ്യാനും തയ്യാറാണ്. എന്നിട്ടും ഭീഷണി തുടരുകയാണ്. പുറത്തിറങ്ങാൻ പോലും പറ്റാത്ത സാധിക്കാതെ അവസ്ഥയാണെന്നും ആരും അറിയാത്ത സ്ഥലത്താണ് ഇപ്പോൾ നിൽക്കുന്നതെന്നും നിമിഷ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
നിമിഷയുടെ വാക്കുകൾ…
ഓണത്തിന് മുമ്പാണ് ഓതറ എന്ന സ്ഥലത്ത്ഫോട്ടോ ഷൂട്ടിന് പോകുന്നത്. സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഉണ്ണി പുലിയൂർ എന്നയാളാണ് ക്രമീകരണങ്ങൾ നടത്തിയത്. മൂന്നാല് വർഷമായി എനിക്ക് അറിയാവുന്ന വ്യക്തിയാണയാൾ. ആനയുണ്ട്, ഇവിടെ വന്നാൽ ഫോട്ടോഷൂട്ട് നടത്താം. ഞങ്ങളുടെ അമ്പലമൊക്കെ ഒന്ന് ഫെയ്മസ് ആകട്ടെ എന്ന് പറഞ്ഞാണ് വിളിച്ചത്. ചോറ്റാനിക്കര ക്ഷേത്രത്തിൽ പോകാനായി വ്രതമെടുത്തുനിൽക്കുകയായിരുന്നുഞങ്ങൾ. ഷൂവോ ചെരുപ്പോ ഉപയോഗിക്കാതെയാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. ജീൻസോ മറ്റോ അല്ലാതെ സാരിയും പട്ടുപാവാടയും തന്നയാണ് ഉപയോഗിച്ചത്. ക്ഷേത്രം അടച്ചിട്ടിരുന്നതിനാൽ തന്നെ അകത്ത് കയറിയില്ല, പുറത്തുനിന്നാണ് ഫോട്ടോഷൂട്ട് നടത്തിയത്.
ഷൂട്ടിനായി പോയപ്പോൾ മോഡേൺ വസ്ത്രമടക്കം കൈവശമുണ്ടായിരുന്നു. അത് ധരിച്ച് പുഴയുടെ അരികിലേക്ക് പോയപ്പോഴാണ് ഷെഡ്ഡിൽ വള്ളം കിടക്കുന്നത് കണ്ടത്. പലകയെല്ലാം പോയ നിലയിലായിരുന്നു വള്ളം. അതിൽ കയറിനിന്നാണ് ഫോട്ടോ എടുത്തത്. അതിൽ കയറരുതെന്ന് ആരും പറഞ്ഞിരുന്നില്ല. പള്ളിയോടമാണെന്നോ കയറാൻ പാടില്ലെന്നോ അറിവുണ്ടായിരുന്നില്ല. സ്ത്രീകൾ കയറാൻ പാടില്ലെന്നോ, ചെരുപ്പ് ഉപയോഗിക്കരുതെന്നോ അവിടെ ബോർഡോ മറ്റോ ഉണ്ടായിരുന്നുമില്ല. ഇപ്പോൾ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വള്ളം പോലെയാണ് തോന്നിയത്. ഇത് ഉപയോഗിക്കാറില്ലെന്നും പഴയ വള്ളമാണ്, പുതിയത് പണിയുകയാണെന്നുമാണ് കൂടെ വന്നയാളും പറഞ്ഞത്.
പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട്; നവമാധ്യമ താരത്തിനെതിരേ പ്രതിഷേധം Read More…
ഫോട്ടോ എടുത്ത് ഒരു മാസത്തിന് ശേഷമാണ് അത് എഡിറ്റ് ചെയ്ത് കിട്ടുന്നതും പോസ്റ്റ് ചെയ്യുന്നതും. പോസ്റ്റ് ചെയ്തതിന് പിന്നാലെ പള്ളിയോടത്തിൽ കയറാൻ പാടില്ലെന്നും ഫോട്ടോ ഇടാൻ പാടില്ലെന്നും പറഞ്ഞ് ഉണ്ണി വിളിച്ചു. അതോടെ ചിത്രം ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്തിന് പിന്നാലെ ആക്ഷേപിക്കുന്ന കമന്റുകളാണ് ഫെയ്സ്ബുക്കിൽ വന്നുകൊണ്ടിരിക്കുന്നത്. ഇന്നലേയും ഇന്നുമായി വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഫോൺ വിളികളാണ് വരുന്നത്. കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ്. പുറത്തിറങ്ങിയാൽ കൊന്നു കളയും എന്നാണ് ഭീഷണി. ഇന്റർനെറ്റ് നമ്പരിൽ നിന്നാണ് ഫോണുകൾ വരുന്നത്. രാത്രി അടക്കമാണ് കോളുകൾ വരുന്നത്. പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.
തിരുവല്ല പോലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞ് നാല് പേർ വിളിച്ചിരുന്നു. അവരുടെ സംസാരം കേട്ടാൽ തന്നെ സ്റ്റേഷനിൽ നിന്നല്ലെന്ന് മനസിലായി. സ്റ്റേഷനിൽനിന്നാണെന്നും മാധ്യമങ്ങളിൽ നിന്നാണെന്നും പറഞ്ഞ് വിളികൾ വന്നുകൊണ്ടിരിക്കുകയാണ്. സ്റ്റേഷനിൽ നിന്നാണോ വിളിക്കുന്നതെന്നോ, ആരാണ് വിളിക്കുന്നതെന്നോ അറിയാൻ പറ്റുന്നില്ല. വിളിക്കുന്നവരെല്ലാം തെറി വിളിക്കുകയാണ്. പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ എങ്ങനെ പോലീസ് സ്റ്റേഷനിൽ ചെല്ലും. മൂന്നുനാല് വട്ടം തിരുവല്ല പോലീസ് സ്റ്റേഷന്റെ നമ്പർ എടുത്ത് വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുക്കുന്നില്ല.
പള്ളിയോട സമിതിയുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. പള്ളിയോടം കിടക്കുന്ന ഭാഗത്തേക്ക് പോകരുതെന്നോ അതിൽ കയറരുതെന്നോ ആരും പറഞ്ഞിരുന്നില്ല. പറഞ്ഞാൽ അത് ചെയ്യുമായിരുന്നില്ല. മതവും വിശ്വാസവുമെല്ലാം ഉള്ള വ്യക്തി തന്നയാണ് ഞാൻ. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞതാണ്. പരിഹാരം ആ ക്ഷേത്രത്തിൽ പോയി ചെയ്യാനും തയ്യാറാണ്. ഹിന്ദുവിശ്വാസിയായ എനിക്ക് ഒരു പെൺകുട്ടിയാണ് എന്ന പരിഗണന പോലും ആരും നൽകുന്നില്ല.
Content Highlights:Nimisha Bijo on Palliyodam Controversy, Aranmula Palliyodam Photoshoot Controversy