തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ കുട്ടനെയ്ത്ത് വ്യവസായം അന്യം നിന്നുപോകുന്നു. ഒരുകാലത്ത് 40 മുതല്‍ 60 തൊഴിലാളികള്‍ വരെ കൂട്ടായിരുന്ന് ജോലി ചെയ്തിരുന്ന സ്ഥലത്ത് ഇന്ന് ജോലി ചെയ്യുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം.
കുറഞ്ഞകൂലിയും കൊറോണ വൈറസും ലോക്ക്ഡൗണുകളും തൊഴിലിനെ ബാധിച്ചെന്നാണ് നിലവില്‍ തൊഴിലെടുക്കുന്നവര്‍ പറയുന്നത്.
പണ്ടുള്ള പോലെ ഇന്നത്തെ കാലത്ത് ആരും ഈ തൊഴിലിലേക്ക് ഇറങ്ങുന്നില്ല. എന്‍റെ അപ്പന്‍ അപ്പൂപ്പന്‍മാരുടെ കാലത്ത് തുടങ്ങിയ തൊഴിലാണ് ഇത്. എന്‍റെ കാലം കഴിഞ്ഞാല്‍ മക്കളാരും ഈ തൊഴില്‍ ചെയ്യില്ല. അതിന് കാരണം വേറെ ഒന്നുമല്ല, കൂലി കുറവാണ്. ഒരു കുട്ട നെയ്യുമ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് 10 രൂപയാണ്. അതായത് ഓട (ഈറ്റയെയാണ് ഓട എന്നു പറയുന്നത്) കൊണ്ടുവരുന്ന വണ്ടിയുടെ ചാര്‍ജ്ജും മറ്റ് എല്ലാ ചെലവുകളും കുറച്ചാണ് ഈ തുക കിട്ടുന്നത് — ഈറ്റത്തൊഴിലാളി സഹകരണ സംഘം അംഗമായ അംബിക കെ.ജി സമയം മലയാളത്തോട് പറയുന്നു.
അംബിക ഏകദേശം 35 വര്‍ഷത്തോളമായി കുട്ടനെയ്യുന്നു.
“അന്നൊക്കെ ഈ തൊഴില്‍ മാത്രം മതിയായിരുന്നു ഒരു കുടുംബത്തിന് സുഖമായി കഴിഞ്ഞുകൂടാന്‍. എന്‍റെ അമ്മയും അച്ഛനുമെല്ലാം അന്നത്തെക്കാലത്ത് ഈ തൊഴിലിനെ ആശ്രയിച്ച് ജീവിച്ചിരുന്നവരാണ്. എന്നാല്‍, ഇന്നത്തെ കാലത്ത് ജീവിക്കാന്‍ ഈ തുക കൊണ്ട് ഒന്നും നടക്കില്ല. പക്ഷേ, വെറുതെ ഇരിക്കാതെ കിട്ടുന്നതുകൊണ്ട് വീട്ടുകാരെ സഹായിക്കാം എന്ന് കരുതിയാണ് എന്നെ പോലുള്ള പലരും ഇവിടെ തൊഴില്‍ ചെയ്യുന്നത്. അതുകൊണ്ട്, പുതിയ തലമുറ ഈ തൊഴിലിലേക്ക് വരാത്തതില്‍ അവരെ കുറ്റം പറയാനും പറ്റില്ല” അവര്‍ പറയുന്നു.
ഏകദേശം 60 വര്‍ഷത്തിന് മുകളില്‍ വടക്കാഞ്ചേരിയില്‍ കുട്ടനെയ്‍ത്ത് നടക്കുന്നുണ്ട്. വടക്കാഞ്ചേരിയിലുള്ള കാടുകളില്‍ നിന്നും ഈറ്റ വെട്ടിയെടുത്തായിരുന്നു കുട്ട നിര്‍മ്മാണം. അന്നെല്ലാം ഈ പ്രദേശത്തെ വീടുകളുടെ മുന്നില്‍ നോക്കിയാല്‍ കുട്ട നെയ്യുന്നതും അതിനുള്ള സാമഗ്രികള്‍ അടക്കി വെച്ചിരിക്കുന്നതുമെല്ലാം കാണാമായിരുന്നു. — നാട്ടുകാര്‍ ഓര്‍മ്മിക്കുന്നു.
1979ല്‍ കുട്ടനെയ്ത്ത് തൊഴിലാളി സഹകരണസംഘം ആരംഭിച്ചു. വീട്ടില്‍ ഇരുന്ന് കുട്ടനെയ്യുന്നവരില്‍ കുറെപ്പേര്‍ സംഘത്തില്‍ വന്നിരുന്ന് തൊഴില്‍ ചെയ്യാന്‍ തുടങ്ങി. ഇന്ന് അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. ഇതൊരു വലിയ മാറ്റമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
രണ്ടു വര്‍ഷമായി എല്ലാ ദിവസവും തൊഴില്‍ കിട്ടുന്നില്ലെന്നും നിരവധി തൊഴിലാളികള്‍ ജോലി നിര്‍ത്തിപ്പോയെന്നും സംഘത്തിലെ വനിതാ മെമ്പര്‍ ബേബി നാരായണന്‍ പറയുന്നു.
സഹകരണസംഘത്തിന്‍റെ ശമ്പളക്കാര്യത്തിലൊന്നും സര്‍ക്കാര്‍ ഇടപെടലില്ലെന്നാണ് അംബിക പറയുന്നത്.
സംഘം, കമ്മിറ്റി കൂടുമ്പോള്‍ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങളില്‍ പരിഷ്‍ക്കരണം ആവശ്യപ്പെടും എന്ന് മാത്രം. തൊഴിലാളികളുടെ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിരന്തരം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. എല്ലാവരും പറയും പരിഗണിക്കാമെന്ന് പക്ഷേ, സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോള്‍ ഞങ്ങളുടെ പ്രശനങ്ങളെല്ലാം വീണ്ടും ചെന്ന് പറയേണ്ട അവസ്ഥയാണ്. പിന്നെ വേറെ ഒരു കാര്യം, ഞങ്ങള്‍ പ്രായമായവരല്ലെ, മറ്റു സഹകരണ സംഘങ്ങളെ പോലെ സമരത്തിനും ധര്‍ണ്ണയ്ക്കുമൊന്നും പോകാറില്ല. കിട്ടിയത് കൊണ്ട് തൃപ്തിയടയും. — അംബിക പറഞ്ഞു.
കേരള ബാംബൂ കോര്‍പ്പറേഷനില്‍ നിന്നാണ് വടക്കാഞ്ചേരി ഈറ്റത്തൊഴിലാളി സഹകരണ സംഘം കുട്ടമെടയാനുള്ള ഈറ്റ ശേഖരിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണുകള്‍ കാരണം കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ വല്ലപ്പോഴും മാത്രമേ ഈറ്റ എത്തുന്നുള്ളൂ എന്നാണ് ബേബി നാരായണന്‍ പറയുന്നത്.
ബാംബൂ കോര്‍പ്പറേഷനില്‍ വിളിക്കുമ്പോള്‍ അവര്‍ക്കും ഈറ്റ ലഭിക്കുന്നില്ല എന്നാണ് പറയുന്നത്. കിട്ടുന്ന ഈറ്റ ചാലക്കുടി, അങ്കമാലി ഭാഗത്തേക്ക് കൊടുത്തിട്ട് ബാക്കി ഉണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് തരുന്നുള്ളൂ. കുറേ വിളിച്ചിട്ടാണ് ഓണത്തിന് മുൻപ് ഈറ്റ എത്തിച്ചത്. ഒരാഴ്ച്ച പണിയെടുത്താല്‍ ഒരുമാസം വെറുതെയിരിക്കേണ്ട അവസ്ഥയാണിപ്പോള്‍. ഞങ്ങള്‍ പ്രായമായവര് ഏഴ് പേരാണ് സംഘത്തില്‍ വന്ന് ജോലി ചെയ്യുന്നത്. പിന്നെ വീട്ടിലിരുന്നും ഇവിടെ അടുത്തുള്ള കുമ്പളങ്ങാട് ബ്രാഞ്ചിലുമായി മൊത്തം 17 തൊഴിലാളികളാണ് ഉണ്ട്. ഞങ്ങളുടെ കാലം കഴിഞ്ഞാല്‍ പിന്നെ ഈ ഭാഗത്തൊന്നും ആരും ഈ തൊഴില്‍ ചെയ്യില്ല. — ബേബി നാരായണൻ പറഞ്ഞു.
കൊവിഡിന് മുൻപ് കുട്ട നെയ്ത്തിന് പുറമെ ഹാന്‍ഡിക്രാഫ്റ്റ് വര്‍ക്കുകള്‍ സഹകരണ സംഘം തുടങ്ങിയിരുന്നു. പലതരം കുട്ടകളും മുറങ്ങളും ഉണ്ടാക്കി, പ്രദര്‍ശനങ്ങളിലും പങ്കെടുത്തു. കൊവിഡ് വന്നതോടെ അത് നിലച്ചു. രണ്ടു വര്‍ഷമായി ഹാന്‍ഡിക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യുന്നില്ലെന്ന് അംഗങ്ങള്‍ പറയുന്നു.
കുട്ട വിറ്റ് ലഭിക്കുന്ന തുകയില്‍ നിന്ന് തൊഴിലാളികളുടെ കൂലി, കയറ്റുകൂലി, ഇറക്കുകൂലി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിങ്ങനെയുള്ള ചെലവുകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ലാഭത്തില്‍ നിന്നാണ് ഈറ്റ വാങ്ങുന്നത്. അതുകൊണ്ടുതന്നെ, മറ്റു ജോലികളില്‍ ആളുകള്‍ക്ക് കൂലി ഇടക്കിടക്ക് വര്‍ധിപ്പിക്കുന്ന പോലെ ഇവിടെ സാധിക്കുന്നില്ല — സഹകരണസംഘം സെക്രട്ടറി ഷീജ കെ.എസ് പറയുന്നു.
ബാംബു കോര്‍പ്പറേഷനില്‍ നിന്ന് സഹകരണ സംഘങ്ങള്‍ക്ക് ഈറ്റ ലഭിക്കുന്നത് സബ്‌സിഡി നിരക്കിലാണ്. ഇത് തന്നെ ടാക്‌സ് അടക്കം കൂട്ടി ഒരു ഈറ്റക്ക് 15 മുതല്‍ 20 രൂപയോളം ആകും. വില ചിലപ്പോള്‍ ഈറ്റയുടെ ഗുണമേന്മ അനുസരിച്ച് മാറാറുമുണ്ട്. ഈറ്റകിട്ടാത്ത സമയത്ത്, ഒരു കെട്ട് ഈറ്റക്ക് 650 രൂപ എന്ന നിരക്കില്‍, അതായത് ഇരട്ടി വില നല്‍കിയാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങി തെഴിലാളികള്‍ക്ക് നല്‍കുന്നത്. ഈ ഓണത്തിന്റെ സമയത്തും കുറച്ച് പേര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ അധിക വിലയ്ക്ക് ഈറ്റ വാങ്ങിയിട്ടുണ്ട്.’ — ഷീജ പറഞ്ഞു.
തൊഴിലാളികള്‍ക്ക് അവരുടെ കൂലിയുടെ 20% ബോണസ് ഇനത്തില്‍ ഓണത്തിന് നല്‍കിയതായും ഇ.എസ്.ഐ പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കാറുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍, ഇ.എസ്.ഐ ആനുകൂല്യം എല്ലാവര്‍ക്കും ലഭിക്കുന്നില്ല എന്ന ഒരു കാര്യം കൂടി സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
‘ഇ.എസ്.ഐ ആനുകൂല്യം കിട്ടണമെങ്കില്‍ ചില നിബന്ധനകളുണ്ട്, അതായത് തൊഴിലാളിയുടെ അറ്റന്‍ഡന്‍സ്, വര്‍ക്ക് എല്ലാം നോക്കും. നമ്മുടെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈറ്റ ലഭിക്കാത്ത സാഹചര്യങ്ങളില്‍ പലരും മാസങ്ങളോളം ജോലിചെയ്യാതെ ഇരുന്നിട്ടുണ്ട്. അങ്ങനെ ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ മുടങ്ങിയവരുണ്ട്.’ — ഷീജ സമയം മലയാളത്തോട് പറഞ്ഞു.
****