രാജാക്കാട്
ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ കേസിലെ പ്രതി മാണിക്കുന്നേൽ ബിനോയ്(48) പൊലീന്റെ പിടിയിലായി. ദിവസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പെരിഞ്ചാംകുട്ടി വനമേഖലയിൽനിന്നാണ് പിടികൂടിയത്. തങ്കമണി കാമാക്ഷി സ്വദേശിനി വലിയപറമ്പിൽ സിന്ധുവിന്റെ(45) മൃതദേഹം ബിനോയിയുടെ വീടിന്റെ അടുക്കളയിൽ അടുപ്പിന് സമീപം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത് സെപ്തംബർ മൂന്നിനായിരുന്നു.
ആഗസ്ത് 11 രാത്രി മദ്യലഹരിയിൽ കഴുത്ത് ഞെരിച്ച് സിന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നു. മൊബൈലിൽ ചാറ്റ്ചെയ്യുന്നതടക്കം സിന്ധുവിനെ സംശയിച്ച് മുമ്പും മർദിക്കാറുണ്ടായിരുന്നു. കൊലപാതകശേഷം ബിനോയി കുമളിയിലെത്തി തമിഴ്നാട്ടിലേക്ക് കടന്നു. ബിനോയിയുടെ മൊബൈൽ ഫോൺ കേന്ദ്രികരിച്ച് അന്വേഷണം നടത്തുന്നതിനിടെ ഞായർ രാത്രിയോടെ പെരിഞ്ചാംകുട്ടി ടവർ ലൊക്കേഷനിൽ കണ്ടെത്തി. തുടർന്ന് രാത്രി മുതൽ പൊലീസിനെ മഫ്തിയിൽ നിയോഗിച്ചു. പ്രദേശത്തെ തേക്ക് -മുള പ്ലാന്റേഷൻ വളഞ്ഞ് തെരച്ചിൽ ആരംഭിച്ചു. പൊലീസിന്റെ പിടിയിലാകുമെന്ന് ബോധ്യമായ ബിനോയ് പുഴ നീന്തിക്കടന്ന് പെരിഞ്ചാംകുട്ടിയിലെ ജനവാസമേഖലയിൽ എത്തി രക്ഷപ്പെടാൻ വാഹനം തേടുമ്പോൾ മഫ്തിയിലുണ്ടായ പൊലീസും നാട്ടുകാരും ചേർന്ന് തിങ്കൾ ഉച്ചയോടെ പിടികൂടി.
സ്ഥലം ബാങ്കിൽ പണയപ്പെടുത്തിയെടുത്ത രണ്ടരലക്ഷം രൂപ ബിനോയിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. അത് പൊലീസ് മരവിപ്പിച്ചിരുന്നു. പണമില്ലാതെ വന്നതോടെ നാട്ടിൽ എത്തുകയായിരുന്നു. വെള്ളത്തൂവൽ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, സിഐ ആർ കുമാർ, എസ്ഐമാരായ സജി എൻ പോൾ, പി ആർ സന്തോഷ്, രാജേഷ്കുമാർ, എഎസ്ഐ സിബി ലൂയിസ്, കെ ടി ജയൻ, ജോബിൻ ജയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.