തിരുവനന്തപുരം
കമ്യൂണിസ്റ്റ് പാർടിയെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്താൻ സമാനതകളില്ലാത്ത നേതൃത്വം നൽകിയ ചടയൻ ഗോവിന്ദന്റെ 23–ാം ചരമ വാർഷിക ദിനം സെപ്തംമ്പർ ഒമ്പതിന് സമുചിതമായി ആചരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. 1998ൽ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കവെയാണ് ചടയൻ നമ്മെ വിട്ടുപിരിഞ്ഞത്.
1948ൽ പാർടി സെല്ലിൽ അംഗമായി. 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറി. 1985ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. എല്ലാവിധ വ്യതിയാനങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. കോവിഡ് സാഹചര്യം രൂക്ഷമായിട്ടും ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഒരു തീരുമാനവും കേന്ദ്രസർക്കാരിൽനിന്ന് ഉണ്ടാകുന്നില്ല. രാജ്യം മുഴുവൻ വിൽക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തൊഴിലാളിവർഗം പൊരുതി നേടിയ അവകാശങ്ങളും നിയമങ്ങളും റദ്ദാക്കുന്നു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പൊതുസമ്പത്തും മുഴുവൻ സ്വകാര്യവൽക്കരിക്കുന്നു. ചോദ്യം ചെയ്യുന്നവരെ ചാരപ്പണിയിലൂടെ നിരീക്ഷിച്ച് ജയിലഴികളിലാക്കുന്നു.
ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരായി രാജ്യത്തെമ്പാടും കടുത്ത പ്രതിഷേധം ഉയർന്നുവരുന്നുണ്ട്. ജനക്ഷേമ നടപടികളിലൂടെ മുന്നോട്ടു പോവുകയാണ് പിണറായി സർക്കാർ. പാർടിയുടെയും മുന്നണിയുടെയും ജനപിന്തുണ വർധിച്ചു. കോവിഡിനെ മാത്രമല്ല, ഇപ്പോൾ നിപാ വൈറസിന്റെ വരവിനെയും ഫലപ്രദമായി പ്രതിരോധിക്കുകയാണ്.
കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം എത്തിക്കാൻ പാർടി പ്രവർത്തകർ മുന്നിട്ടിറങ്ങണം. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് പാർടി ഓഫീസുകളിൽ പതാക ഉയർത്തിയും അലങ്കരിച്ചും ചടയൻദിനം ആചരിക്കണമെന്ന് സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.