മലപ്പുറം
മുസ്ലിംലീഗിന്റെ സ്വിസ് ബാങ്കാണ് എ ആർ നഗർ സർവീസ് സഹകരണ ബാങ്കെന്ന് കെ ടി ജലീൽ എംഎൽഎ. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ബാങ്കിന്റെ മുൻ സെക്രട്ടറി വി കെ ഹരികുമാറും ചേർന്ന് നടത്തിയ 10 വർഷത്തെ അഴിമതിയാണ് പുറത്തായത്. ഹരികുമാർ ജോലിചെയ്ത വർഷങ്ങളിലെ മുഴുവൻ ഇടപാടുകൾ പരിശോധിച്ചാൽ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടും.
കുഞ്ഞാലിക്കുട്ടിയുടെ മകൻ പാണ്ടിക്കടവത്ത് ആഷിഖിന്റെ ഹവാല ഇടപാടുകൾ എ ആർ നഗർ ബാങ്ക് വഴിയാണ്. ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് അബ്ദുറഹ്മാൻ രണ്ടത്താണിക്ക് 50 ലക്ഷം രൂപ അനധികൃത വായ്പ നൽകി. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൾ ഖാദർ മൗലവിയ്ക്ക് വിവിധ ഉപഭോക്തൃ ഐഡികളിൽ വ്യത്യസ്ത അക്കൗണ്ടുകളിലായി രണ്ടു കോടി നിക്ഷേപമുണ്ട്. അമ്പതിനായിരത്തിൽ അധികം അംഗങ്ങളുടെ പേരിൽ 75,000 അക്കൗണ്ടുകളുണ്ട്. ഇവയിൽനിന്ന് ഹരികുമാർ 2.66 കോടി രൂപയുടെ നിക്ഷേപ വായ്പ എടുത്തിട്ടുണ്ട്. ബാങ്കിലെ 12 ജീവനക്കാരുടെ പേരിൽ 6.78 കോടിയുടെ അനധികൃത നിക്ഷേപവും കണ്ടെത്തി.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികൾക്കും ഇവിടെ നിക്ഷേപമുണ്ട്. ഇത് അന്വേഷിക്കാനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ പരിശോധിക്കാൻ സമ്മതിച്ചില്ല. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കെയാണ് ബാങ്കിൽ വൻതോതിൽ കള്ളപ്പണ നിക്ഷേപമെത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളായ ടൈറ്റാനിയത്തിലും മലബാർ സിമന്റ്സിലും കെഎംഎംഎല്ലിലും നടന്ന അഴിമതിയിലൂടെ സമാഹരിച്ച പണമാണ് ബാങ്കിൽ നിക്ഷേപിച്ചതെന്ന് ഇതിൽനിന്ന് വ്യക്തം.
സോഫ്റ്റ്വെയറിൽ മേൽവിലാസങ്ങൾ മായ്ച്ചുകളഞ്ഞത് അന്വേഷകസംഘം വീണ്ടെടുത്തിട്ടുണ്ട്. കൂടുതൽ കസ്റ്റമർ ഐഡികൾ പരിശോധിച്ചാൽ കള്ളപ്പണ ക്രയവിക്രയത്തിൽ രാജ്യത്തെ ഞെട്ടിക്കുന്ന കഥകൾ പുറത്താകും. ബാങ്കിലെ മുഴുവൻ ഇടപാടുകളും അന്വേഷിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും കത്ത് നൽകും. ഇടപാടുകൾ പരിശോധിക്കാൻ ആർബിഐക്കും ഇഡിക്കും പരാതി നൽകുമെന്നും ജലീൽ പറഞ്ഞു.