ആലങ്ങാട്
പ്രസവിച്ചുകിടന്ന നായയെയും ഏഴു കുഞ്ഞുങ്ങളെയും പന്തംകൊണ്ട് കത്തിച്ചു. ചെവിക്കും വയറിനും ഗുരുതര പൊള്ളലേറ്റ തള്ളപ്പട്ടിയെ ‘ദയ’ മൃഗക്ഷേമ സംഘടന രക്ഷപ്പെടുത്തി മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞുങ്ങളെ കണ്ടെത്താനായില്ല. മാഞ്ഞാലി ഡയമണ്ട് ചാണയിൽ പ്രദേശത്ത് ശനി വൈകിട്ടാണ് സംഭവം. ചാണയിൽ കോളനി സ്വദേശികളായ മേരി, ലക്ഷ്മി എന്നിവർക്കെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു.
പ്രദേശത്ത് അലഞ്ഞുനടന്ന നായ ഒരുമാസംമുമ്പാണ് പ്രസവിച്ചത്. ഈ സ്ത്രീകളിൽ ഒരാളുടെ പറമ്പിലാണ്, ഏഴു കുഞ്ഞുങ്ങളുമായി നായ പ്രസവിച്ചുകിടന്നത്. സ്ത്രീ കുറച്ചുദിവസമായി ബന്ധുവീട്ടിലായിരുന്നു. അവിടെനിന്ന് ശനിയാഴ്ച മടങ്ങിയെത്തിയപ്പോൾ തള്ളപ്പട്ടി കുരച്ചുകൊണ്ട് എത്തി. വീട്ടുടമ സഹായത്തിന് അയൽവാസിയെയും വിളിച്ചു. രണ്ട് സ്ത്രീകളും ചേർന്ന് വലിയ തീപ്പന്തം കൊളുത്തി തീയിടുകയായിരുന്നെന്ന് സമീപവാസികൾ പറയുന്നു. കുഞ്ഞുങ്ങൾ പൊള്ളലേറ്റ് തൽക്ഷണം ചത്തു. ഏഴു കുഞ്ഞുങ്ങളെയും സ്ത്രീകൾതന്നെ കുഴിച്ചിട്ടെന്നാണ് കരുതുന്നത്. പൊള്ളലേറ്റ തള്ളപ്പട്ടി നിലവിളിച്ച് ഓടാൻ തുടങ്ങിയതോടെ നാട്ടുകാർ ‘ദയ’ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. പൊള്ളലേറ്റ നായയെ ദയ പ്രവർത്തകനായ ടി ജെ കൃഷ്ണന്റെ നേതൃത്വത്തിൽ പറവൂർ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.