തിരുവനന്തപുരം
കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വ്യാഴാഴ്ച കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധം വിജയിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ ആയിരക്കണക്കിന് കേന്ദ്രത്തിലാണ് പ്രതിഷേധം. കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ പൊതുമേഖലയിൽതന്നെ നിലനിർത്തുക, പാർലമെന്റിനെ നിശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായ അതിക്രമങ്ങൾ ഇല്ലായ്മ ചെയ്യുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ജനകീയ പ്രതിഷേധത്തിനാണ് കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തത്.കോവിഡ് മറയാക്കി കേന്ദ്രം നടത്തുന്ന കോർപറേറ്റുവൽക്കരണത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
തൊഴിലും ഉപജീവനമാർഗവും നഷ്ടമായി ദുരിതത്തിൽ കഴിയുന്ന കോടിക്കണക്കിന് സാധാരണക്കാർക്കുമേൽ വീണ്ടും ഭാരം കയറ്റുന്ന നയമാണ് കേന്ദ്രത്തിന്റേത്. പാർലമെന്റിൽപ്പോലും തന്നിഷ്ടം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനാധിപത്യ അവകാശങ്ങളെ നോക്കുകുത്തിയാക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്തണമെന്നും സെക്രട്ടറിയറ്റ് പ്രസ് താവനയിൽ അഭ്യർഥിച്ചു.