കുന്നമംഗലം
ചാത്തമംഗലം മുന്നൂരിൽ നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരോഗ്യവകുപ്പ് ഊർജിതമാക്കി. -മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ രണ്ട് ആടുകളുടെ സാമ്പിളുകൾ ശേഖരിച്ചു.
റമ്പൂട്ടാൻ മരത്തിൽനിന്ന് വവ്വാലുകൾ ഭക്ഷിച്ച പഴങ്ങളും പരിശോധിക്കും. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തെ ആവാസകേന്ദ്രത്തിൽനിന്ന് വവ്വാലുകളുടെ വിസർജ്യവുംശേഖരിച്ചു. പിപിഇ കിറ്റ് ധരിച്ചായിരുന്നു സാമ്പിൾശേഖരണം. ചൊവ്വ വൈറോളജി വിഭാഗം പ്രദേശം പരിശോധിക്കും. മൃഗസംരക്ഷണം, വനംവകുപ്പുകളുടെ രണ്ട് സംഘങ്ങളാണ് സ്ഥലം സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചത്.
മൃഗസംരക്ഷണവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറും എഡിസിപി ജില്ലാ കോ ഓർഡിനേറ്ററുമായ ഡോ. കെ ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എപ്പിഡോളമിസ്റ്റ് ഡോ. നിഷ എബ്രഹാം, ജില്ലാ ലാബ് ഓഫീസർ ഡോ. പി എൻ അമൂല്യ, ചാത്തമംഗലം വെറ്ററിനറി സർജൻ ഡോ. കെ സി ഇസ്മയിൽ എന്നിവരും ഡോ. അരുൺ സത്യന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘത്തിൽ എസ്എഫ്ഒ രാജീവ്, കരീം മുക്കം, ഷബീർ ചുങ്കം, കബീർ കളന്തോട് എന്നിവരുമുണ്ടായി.
സാമ്പിളുകൾ ഭോപാലിലേക്ക് ഇന്ന് അയക്കും
മുഹമ്മദ് ഹാഷിമിന്റെ വീട്ടിൽനിന്ന് ശേഖരിച്ച വവ്വാലിന്റെ വിസർജ്യത്തിന്റെയും റമ്പൂട്ടാനിന്റെയും സാമ്പിളുകൾ ചൊവ്വ ഭോപാലിലെ ലാബിലേക്ക് അയക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ ബേബി പറഞ്ഞു. ആടിന്റെ സാമ്പിൾ സംസ്ഥാനത്ത് പരിശോധിക്കും.