തിരുവനന്തപുരം
കോവിഡാനന്തര രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കോവിഡാനന്തര ക്ലിനിക്കുകൾ സജ്ജീകരിക്കും. കോവിഡ് മുക്തരായ എല്ലാ രോഗികൾക്കും ക്ലിനിക്കുകളുടെ സേവനം ലഭ്യമാകും. പ്രാഥമികാരോഗ്യകേന്ദ്രംമുതൽ മെഡിക്കൽ കോളേജുകൾ വരെയും സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാഴം പകൽ 12 മുതൽ രണ്ടുവരെയും ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിൽ വ്യാഴാഴ്ചകളിലും മെഡിക്കൽ കോളേജുകളിൽ എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളിൽ മാനേജ്മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും ക്ലിനിക്കുകൾ പ്രവർത്തിക്കും. ക്ലിനിക്കുകളുടെ നടത്തിപ്പിനും മേൽനോട്ടത്തിനും സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രത്യേക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ മേൽനോട്ടത്തിനായി നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും.
ക്ലിനിക്കുകൾ സംബന്ധിച്ച വിവരം രോഗമുക്തരെ അറിയിക്കും-. ഫീൽഡ്തലത്തിൽ ജെപിഎച്ച്എൻ, ജെഎച്ച്ഐ, ആശ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണം. ആശുപത്രികളിൽ നേരിട്ട് എത്തിയോ ടെലിമെഡിസിൻ സൗകര്യം ഉപയോഗപ്പെടുത്തിയോ ക്ലിനിക്കുകളുടെ സേവനം തേടാം. ജനറൽ മെഡിസിൻ, ഹൃദ്രോഗം, ശ്വാസകോശരോഗം, ന്യൂറോളജി, സൈക്യാട്രി, ശിശുരോഗം, ഗൈനക്കോളജി, ഇഎൻടി, അസ്ഥിരോഗം തുടങ്ങിയവയടക്കം വിവിധ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാകും.