കൊച്ചി
പണം നൽകി വാക്സിൻ എടുക്കുന്നവർക്ക് രണ്ടാംഡോസിന് 84 ദിവസത്തെ ഇടവേള നിർബന്ധിക്കാനാകില്ലെന്ന് ഹൈക്കോടതി. ആദ്യ വാക്സിനുശേഷം നാലാഴ്ച കഴിഞ്ഞ് രണ്ടാംഡോസ് നൽകണമെന്ന് കോടതി ഉത്തരവിട്ടു. കോവിൻ പോർട്ടലിൽ ഇതിനാവശ്യമായ മാറ്റം വരുത്താനും കേന്ദ്രസർക്കാരിന് നിർദേശം നൽകി. ജീവനക്കാർക്ക് പണം മുടക്കി ആദ്യഡോസ് വാക്സിൻ നൽകിയെന്നും രണ്ടാംഡോസ് നൽകാൻ ആരോഗ്യവകുപ്പ് സമ്മതിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കിറ്റെക്സ് കമ്പനി സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് പി ബി സുരേഷ്കുമാറിന്റെ ഉത്തരവ്. സൗജന്യ വാക്സിൻ സ്വീകരിക്കുന്നവർക്ക് 84 ദിവസത്തെ ഇടവേളയെന്ന നിബന്ധന പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോകുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും കായികതാരങ്ങൾക്കും ടോക്യോ ഒളിമ്പിക്സിന് പോയ ഉദ്യോഗസ്ഥർക്കും ഇളവ് നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ആവശ്യക്കാർക്ക് മികച്ച സുരക്ഷയും സംരക്ഷണവും കണക്കിലെടുത്ത് നേരത്തേ വാക്സിൻ ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി. വ്യക്തിക്ക് അയാളുടെ ആരോഗ്യകാര്യത്തിൽ മികച്ച സംരക്ഷണം ഏതെന്ന് തീരുമാനിക്കാൻ മൗലികമായ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നാലാഴ്ച കഴിഞ്ഞാൽ സംരക്ഷണം കിട്ടുമോ, രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കുമോ, സംരക്ഷണമാണോ കൂടുതൽ സുരക്ഷയാണോ വേണ്ടത് എന്നെല്ലാം വ്യക്തികൾക്ക് തീരുമാനിക്കാം. പണം നൽകി വാക്സിൻ സ്വീകരിക്കുന്നവർക്കുമാത്രമാണ് ഇതിന് അവകാശമെന്നും കോടതി വ്യക്തമാക്കി.
കമ്പനി ജീവനക്കാർ ആരും നേരത്തേ വാക്സിൻ ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദം കോടതി തള്ളി. കോവിഡ് പ്രോട്ടോകോൾപ്രകാരം വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.