തിരുവനന്തപുരം > രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള പേരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന സർവകലാശാലകളെ തകർക്കാനാണ് കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല, കോളേജ് അധ്യാപകർ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാക്കുകയാണ് മോദി സർക്കാർ. അതിസമ്പന്നർക്ക് മാത്രം ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതും മഹാഭൂരിപക്ഷത്തിനും ക്യാമ്പസുകൾ അപ്രാപ്യമാക്കുന്നതുമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. രാജ്യത്ത് സംഘപരിവാർ നിയന്ത്രിക്കുന്ന സർക്കാരിന്റെ തെറ്റായ നയങ്ങളെ എതിർക്കാൻ കോൺഗ്രസിന് ശേഷിയില്ലാതെ വന്നപ്പോൾ ജനാധിപത്യം സംരക്ഷിക്കാൻ സർവകലാശാലകളിലെ അക്കാദമിക് സമൂഹവും വിദ്യാർഥി സമൂഹവുമാണ് രംഗത്തിറങ്ങിയത്. എന്നാൽ വിദ്യാർഥികളെയും അധ്യാപകരെയും രാജ്യദ്രാഹ കുറ്റം ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു മോദി സർക്കാർ. ഉന്നത വിദ്യാഭ്യാസത്തിന് ദശലക്ഷങ്ങൾ ആവശ്യമായി വന്നതോടെ മക്കളെ പഠിപ്പിക്കാൻ കിടപ്പാടം പണയപ്പെടുത്തേണ്ട സ്ഥിതിയിലാണ് രക്ഷിതാക്കൾ.
കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ വഴിയിലൂടെ കണ്ണുമടച്ച് കേരളം സഞ്ചരിക്കില്ലെന്ന് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. കേരളത്തിൽനിന്നുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസത്തിലൂടെ ലോകത്തെ വെട്ടിപ്പിടിക്കാൻ കഴിയുന്ന അക്കാദമിക് ശേഷി സാമ്പത്തികം പരിഗണിക്കാതെ എല്ലാവർക്കും ലഭ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് എൽഡിഎഫ് സർക്കാരെന്നും വിജയരാഘവൻ പറഞ്ഞു.