അബുദാബി> പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നാൽ അവയെ തരണം ചെയ്യത്തക്കവിധം മാനസികമായും ശാരീരികമായും കുട്ടികളെ വാർത്തെടുക്കുന്നതിനായിരിക്കണം ബാലസംഘം പോലുള്ള കുട്ടികളുടെ കൂട്ടായ്മകൾ ശ്രമിക്കേണ്ടതെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
ശക്തി ബാലസംഘം വെർച്വലായി സംഘടിപ്പിച്ച പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബാലസംഘം സംഥാന പ്രസിഡന്റ് കൂടിയായ ആര്യ .
ശക്തി ബാലസംഘം രക്ഷാധികാരി ഗോവിന്ദൻ നമ്പൂതിരി അദ്ധ്യക്ഷനായി. ശക്തി ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ശക്തി ബാലസംഘം പ്രസിഡന്റ് യാസിദ് അബ്ദുൽ ഗഫൂർ, കേരള സോഷ്യൽ സെന്റർ ബാലവേദി സെക്രട്ടറി മെഹ്റിൻ റഷീദ്, ശക്തി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം റാണി സ്റ്റാലിൻ എന്നിവർ സംസാരിച്ചു. ശക്തി ബാലസംഘം സെക്രട്ടറി അക്ഷര സജീഷ് സ്വാഗതവും ജോ. സെക്രട്ടറി നിഹാര സജീവ് നന്ദിയും പറഞ്ഞു.
കലാപരിപാടികളിൽ മഹാകവി ഇടശ്ശേരിയുടെ പൂതപ്പാട്ട് അനിതാ റഫീഖിന്റേയും നൃത്തധ്യാപിക സൗമ്യ പ്രകാശിന്റെയും സംയുക്ത സംവിധാനത്തിൽ ബാലസംഘം കൂട്ടുകാർ അവതരിപ്പിച്ചു. ചിത്ര ശ്രീവത്സൻ, ശരണ്യ സതീഷ് എന്നിവരുടെ ശിക്ഷണത്തിൽ സംഘഗാനങ്ങളും, യുവ സംഗീത സംവിധായകൻ നവനീത് രഞ്ജിത്തിന്റെ സംവിധാനത്തിൽ അഞ്ജലി വേത്തൂർ, അക്ഷയ് രാജ് എന്നിവർ ഗാനങ്ങളും അവതരിപ്പിച്ചു.