ഇടുക്കി > ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്ന് വീടിന്റെ അടുക്കളയിൽ കുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയ് പിടിയിൽ. പെരിഞ്ചാംകുട്ടിയിലെ തോട്ടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഓഗസ്റ്റ് 12ന് അയൽവാസിയായ പണിക്കൻകുടി സ്വദേശി സിന്ധുവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഇയാളുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിടുകയെന്നായിരുന്നു കേസ്.
സിന്ധുവിനെ കാണാതാവുന്നതിന്റെ തലേന്ന് ബിനോയിയുമായി വാക്ക് തര്ക്കമുണ്ടായതായി സിന്ധുവിന്റെ ഇളയമകൻ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടായിരുന്നു. കുഴിക്കുള്ളിൽ ഇറക്കി ഇരുത്തിയ ശേഷം മണ്ണിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങൾ ഇല്ലാതെ മുഖം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മറച്ചനിലയിലായിരുന്നു. കുഴിയിലാകെ മുളകുപൊടിയും വിതറിയിരുന്നു.
കാമാക്ഷി സ്വദേശിയായ സിന്ധു ഭർത്താവുമായി പിരിഞ്ഞശേഷം കഴിഞ്ഞ അഞ്ചുവർഷമായി ബിനോയിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബിനോയ് സിന്ധുവുമായി അടുപ്പത്തിലായിരുന്നു എന്നാണ് സൂചന.
ആഗസ്റ്റ് 12 മുതലാണ് സിന്ധുവിനെ കാണാതായത്. 15ന് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.