മലപ്പുറം > എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്നത് 1021 കോടിയുടെ കള്ളപ്പണ ഇടപാടുകളെന്ന് കെ ടി ജലീൽ എംഎൽഎ. ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിന്റെ ഇൻസ്പെക്ഷൻ വിങ് നടത്തിയ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് കെ ടി ജലീൽ പുറത്തുവിട്ടത്. കള്ളപ്പണ ഇടപാടുകൾക്ക് പിന്നിൽ പി കെ കുഞ്ഞാലിക്കുട്ടിയാണ്. ബിനാമി പേരിൽ ബാങ്ക് സെക്രട്ടറി വി കെ ഹരികുമാറുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ മകനും തട്ടിപ്പിൽ പങ്കുണ്ട്. കൂടുതൽ സ്ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവരുമെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശദ്രോഹ പണത്തിന്റെ കേന്ദ്രമായി എ ആർ നഗർ ബാങ്ക് മാറി. 862 വ്യാജ അക്കൗണ്ടുകളാണ് ബാങ്കിലുള്ളത്. അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ ഭയാനകമാണ്. എൻആർഇ, എൻആർഒ അക്കൗണ്ടുകൾക്ക് ബാങ്കിൽ അനുമതിയില്ല.
പ്രാഥമിക സഹകരണ സംഘം മാത്രമായ എആർ നഗർ കോ ഓപ്പറേറ്റീവ് ബാങ്കിൽ 50,000ൽ പരം അംഗങ്ങളും 80,000ൽ അധികം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമർ ഐ.ഡികളിൽ മാത്രം 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേർന്ന് നടത്തിയിരിക്കുന്നത്.
എ ആർ നഗർ സഹകരണ ബാങ്കിലെ മുഴുവൻ കസ്റ്റമർ ഐഡികളും പരിശോധിച്ചാൽ കള്ളപ്പണ ഇടപാടിൽ രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകൽ കൊള്ളയുടെ ചുരുളഴിയും. ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കായാണ് മാറ്റിയിരിക്കുന്നത്- ജലീൽ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും കേരളത്തിലെ വ്യവസായ മന്ത്രിമാരായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടക്കുകയാണ്. ഈ അഴിമിതിയിൽ ലഭിച്ച പണമായിരിക്കാം എ ആർ നഗർ ബാങ്കിലെ വ്യാജ അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് തീയതികളും വർഷവും പരിശോധിക്കുമ്പോൾ മനസ്സിലാകുന്നതെന്നും ജലീൽ പറഞ്ഞു.