കോഴിക്കോട്: 12-വയസുകാരൻ ഹാഷിം മരിക്കാനിടയായ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമം ആരോഗ്യ വകുപ്പ് തുടരുന്നു. ഉറവിടം കണ്ടെത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ വീടും പരിസരവും കൃത്യമായി പരിശോധിച്ചുവരികയാണ്. ഒപ്പം കുട്ടിയുമായി സമ്പർക്കത്തിലായിരുന്നവരെയും പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
കുട്ടിയുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേർക്കാണ് നിലവിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരുടേതടക്കം ഏഴ് പേരുടെ സ്രവം പുണെയിലേക്ക് പരിശോധനയക്കയച്ചിട്ടുണ്ട്. 12 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകുമെന്നാണ്പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനെ അറിയിച്ചിട്ടുള്ളത്.
നിരീക്ഷണത്തിലുള്ള, അടുത്ത സമ്പർക്കം പുലർത്തിയവരുടെ ട്രൂനാറ്റ് ടെസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽതന്നെ നടക്കും. ഇതിനായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനവും സംഘവും ഇന്ന് കോഴിക്കോടെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
വവ്വാലിന്റെ സാമ്പിളുകൾ ശേഖരിക്കും
രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാകും സാമ്പിളുകൾ ശേഖരിക്കുക. വെറ്റിനറി ഡോക്ടർമാരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടാകും.
പ്രദേശത്ത് കൂടുതൽ നിയന്ത്രണം
കുട്ടിയുടെ വീടിന് പരിസരത്ത് മാവൂർ പോലീസ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. കടകൾ തുറക്കേണ്ടതില്ലെന്നാണ് നിർദേശം. ഇന്നലെ അടച്ച റോഡുകൾക്ക് പുറമെ ഇന്ന് കൂടുതൽ റോഡുകൾ കൂടി അടക്കും. അതേസമയം, അവശ്യവസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടികളും ഏർപ്പെടുത്തുന്നുണ്ട്.