ആലപ്പുഴ> ‘കഥ പറയുമ്പോള്’ എന്ന സിനിമയില് സൂപ്പര് സ്റ്റാര് അശോക് രാജ് തന്റെ സഹപാഠി ബാര്ബര് ബാലനെ ഓര്ത്തു നടത്തിയ പ്രസംഗത്തെ അനുസ്മരിപ്പിച്ചതായിരുന്നു മമ്മൂട്ടി ചന്തിരൂര് സ്കൂളില് ഒരിയ്ക്കല് ചെയ്ത പ്രസംഗം. സിനിമയിലേത് അഭിനയമായിരുന്നെങ്കില് ഇത് ഹൃദയത്തില് നിന്നുതിര്ന്ന വികാരനിര്ഭരമായ പ്രസംഗം.
‘ എന്റെ അമ്മയുടെ വീടാണ് ചന്തിരൂര്. അപ്പോള് എന്റെ മാതൃരാജ്യമാണ് ചന്തിരൂര്. മറ്റൊരു രഹസ്യം കൂടി ഇവിടെ വെളിപ്പെടുത്തുകയാണ് ഞാന്. എന്നെ പ്രസവിച്ചതും ചന്തിരൂരാണ് – അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി പഠിച്ച ചന്തിരൂർ സ്കൂൾ
മമ്മൂട്ടി വൈക്കത്തിനടുത്ത് ചെമ്പില് ജനിച്ചയാളായിട്ടാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല് സിനിമയിലേക്ക് എന്നതു പോലെ ജീവതത്തിലേക്കും ചുവടുവച്ചത് ആലപ്പുഴയില് നിന്നാണെന്ന് സത്യത്തില് തിരിച്ചറിഞ്ഞവര് വിരളം.
ആദ്യമായി മമ്മൂട്ടി നാടകത്തില് അഭിനയിക്കുന്നതും ചന്തിരൂര് സ്കൂളില് വെച്ചായിരുന്നു. പൗരുഷത്തിന്റെ മറുവാക്കായ മമ്മൂട്ടിക്ക് അന്ന് സ്ത്രീവേഷമായിരുന്നെന്ന് പരിചിതര് ഓര്ക്കുന്നു. ചന്തിരൂര് പണ്ടാരകാട്ടില് നിന്നുവന്ന് മമ്മൂട്ടി അഞ്ചാം ക്ലാസുവരെ ചന്തിരൂര് ഗവര്മെണ്ട് സ്കൂളിലാണ് പഠിച്ചത്. 1910 ല് ചന്തിരൂര് ചേത്തിപ്പറമ്പില് കുടിപ്പള്ളിക്കൂടമായും ആശാന് കളരിയായുമാണ് സ്കൂളിന്റെ തുടക്കം.
താന് ആദ്യമായി മുണ്ടുടുത്തതും ഈ സ്കൂളില് പഠിക്കുമ്പോഴാണെന്ന് സ്്കുളിന്റെ ശതാബ്ദിയാഘോഷത്തില് ചെയ്ത പ്രസംഗത്തില് മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു. മുണ്ടുടുത്തിരുന്നെങ്കിലും പഴയ നിക്കര് അതിന്റെ അടിയില് ധരിച്ചിരുന്നില്ല. തന്നെ അന്ന് രാധമ്മ ടീച്ചര് കളിയാക്കിയതും മുണ്ടുടുക്കുമ്പോള് സൂക്ഷിക്കണമെന്നു പറഞ്ഞതും അന്നത്തെ മുഹമ്മദുകുട്ടിയെന്ന വിദ്യാര്ഥി ഓര്ത്തെടുത്തത് ഹര്ഷാരവത്തോടെയാണ് പഴയ സഹപാഠികളും നാട്ടുകാരും ശ്രവിച്ചത്.
ചന്തിരൂരിലെ വീട്ടിലാണ് ഉമ്മ ഫാത്തിമ 1951 സെപ്തംബര് ഏഴിന് മമ്മൂട്ടിയെ പ്രസവിക്കുന്നത്. ചന്തിരൂര് സ്കൂളില് നിന്നാണ് അദ്ദേഹം ടി സി വാങ്ങി വൈക്കം കുലശേഖരമംഗലം സര്ക്കാര് ഹൈസ്കൂളില് ചേരുന്നത്. ചന്തിരൂര് സ്കൂളിന്റെ സ്മാര്ട്ട് സ്കൂള് ഉദ്ഘാടനത്തിനും മമ്മൂട്ടി ഇവിടെ എത്തിയിരുന്നു.
വൈക്കം ചെമ്പില് നിന്ന് സിനിമയില് അവസരം ചോദിച്ചു വന്ന മമ്മൂട്ടിയുടെ സിനിമ ജീവിതത്തിന്റെ തുടക്കവും ആലപ്പുഴ ജില്ലയില് നിന്നായിരുന്നത് യാദൃശ്ചികം.
ചേര്ത്തല കവളങ്കോടം ശക്തീശ്വരം ക്ഷേത്രത്തിനടുത്തുള്ള സി എം എസ് കയര് ഫാക്ടറിക്കു സമീപമുള്ള ലൊക്കേഷനില് വച്ചാണ് ആ മുഖം ആദ്യമായി മൂവിക്യാമറ പകര്ത്തിയത്. കെ എസ് സേതുമാധവന് സംവിധാനം ചെയ്ത ‘ അനുഭവങ്ങള് പാളിച്ചകള്’ എന്ന സിനിമയില് ബഹദൂറിന്റെ കട തല്ലിപ്പൊളിക്കുമ്പോള് അവിടേക്ക് ബഹദൂറിനൊപ്പം മമ്മൂട്ടി ഓടിവരുന്ന ഏതാനും നിമിഷങ്ങള് മാത്രം ദൈര്ഘ്യമുള്ള രംഗം അന്ന് മെല്ലി ഇറാനി പകര്ത്തി. അന്നു തുടങ്ങിയ ഓട്ടം മമ്മൂട്ടി ഇന്നും തുടരുകയാണ്, സിനിമാലോകമാകെ കീഴടക്കിയുള്ള പടയോട്ടമായി.