സാവോ പോളോ: ബ്രസീലും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരം ഉപേക്ഷിച്ചു. അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ തുടങ്ങിയ താരങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്നാരോപിച്ച് ബ്രസീൽ ആരോഗ്യ മന്ത്രാലയം അധികൃതർ ഗ്രൗണ്ടിലിറങ്ങി ഇവരെ തടഞ്ഞതോടെയാണ് മത്സരം ഉപേക്ഷിച്ചത്.
നേരത്തെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ച നാല് അർജന്റീന താരങ്ങളും ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ക്വാറന്റൈനിൽ കഴിയണമെന്ന് ബ്രസീൽ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടിരുന്നു.
പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്ക് വേണ്ടി കളിക്കുന്ന മാർട്ടിനെസിനേയും ബ്യൂണ്ടിയയെയും ടോട്ടൻഹാമിൽ കളിക്കുന്ന ലോ സെൽസോയും റൊമേറോയും ആണ് യോഗ്യത മത്സരത്തിനായി എത്തിയത്. മത്സരശേഷം തിരിച്ചുവരുമ്പോൾ ഹോട്ടലിൽ 10 ദിവസം ക്വാറന്റൈൻ ചെയ്യേണ്ടതിനാൽ ഇവരെ അന്താരാഷ്ട്ര മത്സരത്തിനയക്കാൻ ക്ലബ്ബുകൾക്ക് താത്പര്യമുണ്ടായിരുന്നില്ല.
എന്നാൽ ഇവർ മത്സരത്തിനായി അർജന്റീന ടീമിനൊപ്പം ചേരുകയായിരുന്നു. നാല് പേരോടും യുകെയിലേക്ക് മടങ്ങി പോകാൻ ബ്രസീൽ ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
അർജന്റീന താരങ്ങൾ പ്രോട്ടോകോൾ ലംഘിച്ചതായി കണ്ടെത്തിയാൽ ഫിഫ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയും ബ്രസീലിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്‌തേക്കും.
മാച്ച് റഫറിയുടെ തീരുമാനം പ്രകാരം ബ്രസീലും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം ഉപേക്ഷിച്ചതായി കോൺമെബോൾ ട്വിറ്ററിലൂടെ അറിയിച്ചു.
Also read: Tokyo Paralympics: ബാഡ്മിന്റണില്‍ കൃഷ്ണ നാഗറിന് സ്വര്‍ണം; മെഡല്‍ വേട്ടയില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം
The post കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്ന് പരാതി; ബ്രസീൽ-അർജന്റീന മത്സരം ഉപേക്ഷിച്ചു appeared first on Indian Express Malayalam.