ഇന്ന് വൈകീട്ട് നിർണായക അവലോകന യോഗം ചേരും. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കോഴിക്കോട് ക്യാമ്പ് ചെയ്യുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ വിഭാഗം തലവന്മാരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, കളട്കടർമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയാകും സാഹചര്യം വിലയിരുത്തുക. നിപ മുൻപ് റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻ പന്തിയിൽ നിന്ന് പ്രവർത്തിക്കുകയും നിർദേശം നൽകുകയും ചെയ്ത ആരോഗ്യ വിദഗ്ധരെ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്.
വൈറസിൻ്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. മരിച്ച 12 വയസുകാരൻ്റെ വീട്ടിൽ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്യും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. സാന്നിധ്യം കണ്ടെത്തിയാൽ ഇത് ഏത് വിഭാഗത്തിൽപ്പെടുന്നു എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. അതേസമയം, വവ്വാലിൻ്റെ സ്രവ സാമ്പിൾ പരിശോധിക്കേണ്ടതുണ്ടോ എന്ന കാര്യം തീരുമാനിക്കും.
മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്നവരുടെ സാമ്പിൾ പരിശോധിക്കും. ഇതിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എൻഐവി ലാബുകൾ സജ്ജീകരിക്കും. ട്രൂനാറ്റ് ടെസ്റ്റിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. അതിനായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റൂട്ട് സംഘം മെഡിക്കല്‍ കോളജില്‍ എത്തും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാൻ കഴിയും.
നിപ ബാധിച്ചു മരിച്ച ചാത്തമംഗലം പാഴൂർ സ്വദേശിയായ 12 വയസുകാരൻ്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഒന്നുവരെയുള്ള റൂട്ട് മാപ്പാണ് ജാഗ്രതയുടെ ഭാഗമായി പുറത്തുവിട്ടത്. 27 ന് വൈകുന്നേരം അഞ്ചുമണി മുതൽ 5.30 വരെ കുട്ടി അയൽവാസികളായ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു. പിറ്റേ ദിവസം മുഴുവൻ വീട്ടിലായിരുന്ന കുട്ടി 29 ന് രാവിലെ എട്ടരയ്ക്ക് എരഞ്ഞിമാവിലെ ഡോക്ടറുടെ ക്ലിനിക്കിലെത്തി. തുടർന്ന് ഒമ്പതു മണിയോടെ വീട്ടിലേക്ക് മടങ്ങി. ഓട്ടോയിലാണ് ക്ലിനിക്കിലേക്ക് വന്നതും തിരിച്ചു പോയതും. 30 ന് വീട്ടിൽ തുടർന്നു. പിറ്റേ ദിവസം മുക്കം ഇഎംഎസ് ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ പത്തിനും പത്തരയ്ക്കും ഇടയിലായിരുന്നു ഇത്. അമ്മാവൻ്റെ ഓട്ടോയിലായിരുന്നു യാത്ര. തുടർന്ന് ഇതേ ഓട്ടോയിൽ ഓമശേരിയിലെ ശാന്തി ആശുപത്രിയിൽ എത്തി. പന്ത്രണ്ട് മണി വരെ ഇവിടെ തുടർന്നു. ശേഷം ഒരു മണിക്ക് ആംബുലൻസിൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഇവിടെ നിന്ന് പിറ്റേന്ന് 11 മണിക്ക് മിംസ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലായിരുന്നു ഇങ്ങോട്ടുള്ള യാത്ര. ഇവിടെ വെച്ചാണ് ഇന്നു പുലർച്ചെ മരണം സംഭവിച്ചത്.
കുട്ടിയുമായി സമ്പർക്കമുണ്ടായവർ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടാനും നിർദേശത്തിൽ പറയുന്നു. കുട്ടിയുമായി ബന്ധപ്പെട്ടവരുടെ വിശദമായ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കുട്ടിയുടെ വീടിൻ്റെ മൂന്നു കിലോമീറ്റർ പരിസരം കനത്ത നിരീക്ഷണത്തിലാണ്. പ്രധാന ഉറവിടം മരണപ്പെട്ട ആൾ തന്നെയാണോ എന്നറിയാനായി പ്രദേശത്തു സമീപ ദിവസങ്ങളിൽ മരണപ്പെട്ടവരുടെ വിവരണങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പുതുതായി രോഗലക്ഷണങ്ങൾ കാണിച്ച രണ്ടുപേരെ ഐസിയു സംവിധാനമുള്ള വാർഡിലേക്ക് മാറ്റി.