ന്യൂഡൽഹി
രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇൻഫോസിസിനെതിരെ ആർഎസ്എസ് അനുകുല മാസിക പാഞ്ചജന്യ. ഇൻഫോസിസ് ദേശവിരുദ്ധരുമായി ചേർന്ന് പ്രവർത്തിക്കുന്നെന്ന് സെപ്തംബർ ലക്കത്തിലെ മുഖലേഖനത്തിൽ ആരോപിച്ചു. ‘നക്സലുകളെയും ഇടതുപക്ഷക്കാരെയും തുക്ക്ഡെ തുക്ക്ഡെ സംഘത്തെയും സഹായിക്കുകയാണ് ഇന്ഫോസിസ്’.
കേന്ദ്രധനമന്ത്രാലയത്തിനായി ഇൻഫോസിസ് വികസിപ്പിച്ച ആദായ നികുതി പോർട്ടലിലുണ്ടായ സാങ്കേതിക തടസ്സത്തിന്റെ പേരിലാണ് ആരോപണം. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ചിത്രമുള്ള കവർപേജോടെയാണ് പാഞ്ചജന്യ പുറത്തിറങ്ങിയത്.
രാജ്യത്തിന് അഭിമാനമായ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ആർഎസ്എസ് അനുകൂലമാസികയുടെ അധിക്ഷേപത്തിൽ പ്രതിഷേധം ശക്തമായി. വാണിജ്യമന്ത്രി പീയുഷ് ഗോയൽ ടാറ്റ ഗ്രൂപ്പിനെ തെരഞ്ഞുപിടിച്ച് അധിക്ഷേപിച്ചതിനുപിന്നാലെയാണ് പാഞ്ചജന്യ ഇൻഫോസിസിനെ ലക്ഷ്യംവച്ചതെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി ട്വീറ്റു ചെയ്തു. ഇന്ത്യൻ വ്യവസായ മേഖല മൗനം തുടർന്നാൽ നിങ്ങളെ തേടിയെത്തുമ്പോൾ പ്രതികരിക്കാൻ ആരുമുണ്ടാകില്ലെന്നും അവർ പറഞ്ഞു.
എന്നാൽ, പാഞ്ചജന്യ തങ്ങളുടെ മുഖപത്രമല്ലെന്ന് ആർഎസ്എസ് അഖിലേന്ത്യാ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ അവകാശപ്പെട്ടു. ലേഖനത്തിലെ അഭിപ്രായവുമായി ആർഎസ്എസിന് ബന്ധമില്ലെന്നും അവകാശപ്പെട്ടു.