സാവോപോളോ
ബ്രസീൽ‐ അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം കോവിഡ് വിവാദങ്ങളെ തുടർന്ന് മുടങ്ങി. അർജന്റീന കളിക്കാർ കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന് ആരോപിച്ച് ബ്രസീൽ ആരോഗ്യ വകുപ്പ് അധികൃതർ കളത്തിലിറങ്ങിയതോടെ കളി മുടങ്ങുകയായിരുന്നു. മത്സരം തുടങ്ങി ഏഴ് മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു സംഭവം. ബ്രസീൽ തട്ടകമായ സാവോപോളോയിലാലിരുന്നു മത്സരം.
നാടകീയ നിമിഷങ്ങളായിരുന്നു സാവോപോളോയിൽ. അർജന്റീന ടീമിലെ ചില കളിക്കാർ കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്നായിരുന്നു ആരോപണം. കളത്തിലെത്തിയ ഒഫീഷ്യൽസുകൾ അർജന്റീന കളിക്കാരുമായി തർക്കത്തിലായി. പിന്നാലെ അർജന്റീന താരങ്ങൾ കളംവിട്ടു അർജന്റീന ടീമിലെ ഇംഗ്ലീഷ് ലീഗിൽ കളിക്കുന്ന താരങ്ങൾ ബ്രസീലിലെ ക്വാറന്റീൻ നിയമങ്ങൾ പാലിച്ചില്ലെന്നായിരുന്നു ആരോപണം. ഇവരെ ഒഴിവാക്കണമെന്ന് ബ്രസീൽ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. നാല് പേരിൽ മൂന്ന് താരങ്ങൾ അർജന്റീനയ്ക്കായി കളത്തിലിറങ്ങുകയും ചെയ്തു. എമി മാർട്ടിനെസ്, ജിയോവാനി ലൊ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരാണ് കളത്തിൽ ഇറങ്ങിയത്.
ബ്രസീലിലെ കോവിഡ് മാനദണ്ഡപ്രകാരം ബ്രിട്ടനിൽനിന്ന് വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ്. കളിക്കാർ ഇത് മറച്ചുവെച്ചുവെന്നാണ് അവരുടെ ആരോപണം. കളിക്കാർ രാജ്യം വിടണമെന്നും ആവശ്യപ്പെട്ടു.