ദി ഓവൽ
ഒരുദിനം മാത്രം ബാക്കിനിൽക്കേ ഓവലിൽ ആവേശം മുറുകുന്നു. ജയിക്കാൻ ഇന്ത്യക്ക് പത്ത് വിക്കറ്റ് വേണം. ഇംഗ്ലണ്ടിന് 291 റണ്ണും. പുതിയ പന്തിനെയും ബാറ്റ്സ്മാൻമാരെയും ഒരുപോലെ കനിയുന്ന ഓവലിൽ എന്തുംസംഭവിക്കാം. നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 368 റൺ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാംദിനം വിക്കറ്റ് നഷ്ടമാകാതെ 77 റൺ എന്ന നിലയിലാണ്. ജയിക്കാൻ 291 കൂടി റൺ വേണം.
രണ്ടാംഇന്നിങ്സിൽ പതറാതെ ബാറ്റെടുത്ത ഇന്ത്യ 466 റൺ കുറിച്ചു. ശർദുൾ താക്കൂറിന്റെയും (60) ഋഷഭ് പന്തിന്റെയും (50) മികവാണ് ഇന്ത്യയെ തുണച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർത്ത 100 റൺ ഇന്ത്യക്ക് ബലമേകി. 2013നുശേഷം ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാം ഇന്നിങ്സ് സ്കോറാണിത്. സ്കോർ: ഇന്ത്യ 191, 466; ഇംഗ്ലണ്ട് 290, 0–77.
നാലാംദിനം മൂന്നിന് 270 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കം തിരിച്ചടിയായിരുന്നു. ക്രിസ് വോക്സ് പ്രഹരമേൽപ്പിച്ചു. രവീന്ദ്ര ജഡേജയെയും (17) അജിൻക്യ രഹാനെയെയും (0) ഈ ഇംഗ്ലീഷ് പേസർ തൊട്ടടുത്ത ഓവറുകളിൽ വിക്കറ്റിനുമുന്നിൽ കുരുക്കി. ടൂർണമെന്റിലുടനീളം പരാജയമായ വെെസ് ക്യാപ്റ്റൻ രഹാനെ വീണ്ടും പതറി. എട്ട് പന്തുകൾ മാത്രം നേരിട്ട് മടങ്ങി. വോക്സിന്റെ പന്തിൽ കുരുങ്ങി അമ്പയർ ഔട്ട് നൽകിയെങ്കിലും റിവ്യൂവിൽ രഹാനെ രക്ഷപ്പെട്ടു. പക്ഷേ പിന്നീടും ഭയത്തോടെ ക്രീസിൽ നിന്ന മുപ്പത്തിമൂന്നുകാരന് പിടിച്ചുനിൽക്കാനായില്ല. അവസാന 15 ഇന്നിങ്സിൽ 285 റൺ മാത്രം നേടിയ രഹാനെ ടീമിന് പുറത്തേക്കുള്ള വഴിയിലാണ്.
ക്യാപ്റ്റൻ വിരാട് കോഹ്–ലി (44) പ്രതീക്ഷ നൽകിയെങ്കിലും മടങ്ങി. മൊയീൻ അലിയുടെ പന്തിൽ ക്രെയ്–ഗ് ഒവെർട്ടണ് സ്ലിപ്പിൽ പിടിനൽകി. പിന്നാലെയാണ് ശർദുളും പന്തും ഒത്തുകൂടിയത്. ഒന്നാംഇന്നിങ്സിൽ വമ്പനടി തീർത്ത് അരസെഞ്ചുറി നേടിയ ശർദൂൾ ഇത്തവണയും തെറ്റിച്ചില്ല. 72 പന്തിൽ ഒരു സിക്സും ഏഴ് ബൗണ്ടറിയും സഹിതമാണ് 60 റണ്ണടിച്ചത്.
പന്ത് കരുതലോടെയാണ് കളിച്ചത്. നാല് ഫോറുകൾ ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. 155 പന്തിലാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയത്. ഇരുവരും പുറത്തായതിനുപിന്നാലെ വാലറ്റക്കാരായ ഉമേഷ് യാദവും (25) ജസ്പ്രീത് ബുമ്രയും (24) ഇന്ത്യൻ ലീഡ് 367ൽ എത്തിച്ചു. വോക്സ് മൂന്ന് വിക്കറ്റെടുത്തു.
മറുപടിയിൽ ഓപ്പണർമാരായ റേറി ബേൺസും (31) ഹസീബ് ഹമീദുമാണ് (43) ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.