ടോക്യോ
അത്–ലറ്റിക്–സ്, ഷൂട്ടിങ്, ബാഡ്മിന്റൺ–പാരാലിമ്പിക്സിൽ ഇന്ത്യൻ കുതിപ്പിന് അടിത്തറയിട്ടത് ഈ മൂന്നിനങ്ങളാണ്. ആകെ 19 മെഡലുകളിൽ 17ഉം വന്നത് ഈ ഇനങ്ങളിൽ. അത്ലറ്റിക്–സ് 8, ഷൂട്ടിങ് 5, ബാഡ്മിന്റൺ 4 എന്നിങ്ങനെയാണ് നേട്ടം. ടോക്യോ പാരാലിമ്പിക്–സിൽ 54 അംഗടീമുമായാണ് ഇന്ത്യ എത്തിയത്. ഈ മേളയ്ക്കുമുമ്പ് ചരിത്രത്തിൽ ആകെ 12 മെഡലായിരുന്നു ഇന്ത്യക്ക്. 2012 ലണ്ടനിൽ ഒന്നിൽ ആശ്വസിച്ചു. 2016 റിയോയിൽ നാലായി ഉയർന്നു. ഇത്തവണ 19 എന്ന ചരിത്രനമ്പറിലെത്തി.
അവസാനദിനങ്ങളിൽ ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യ കരുത്തുകാട്ടി. ഏഴംഗ സംഘമായിരുന്നു. മടങ്ങുന്നത് രണ്ട് സ്വർണം ഉൾപ്പെടെ നാല് മെഡലുമായി. ഒന്നുവീതം വെള്ളിയും വെങ്കലവും ശേഖരത്തിലുണ്ട്. പ്രമോദ് ഭഗതും കൃഷ്ണ നഗറും സ്വർണം നേടി. പുരുഷ സിംഗിൾസിൽ എസ്എച്ച് 6ലാണ് കൃഷ്ണയുടെ പൊന്ന്. ഹോങ്കോങ്ങിന്റെ ചു മാൻ കയ്–യെ വീഴ്ത്തിയാണ് നേട്ടം (21–17, 16–21, 21–17). ജന്മനാ ഉയരംകുറഞ്ഞ ഈ രാജസ്ഥാൻകാരൻ ലോക രണ്ടാംറാങ്കുകാരനാണ്. ഒറ്റ മത്സരവും തോൽക്കാതെയാണ് ഇരുപത്തിരണ്ടുകാരൻ മുന്നേറിയത്. എസ്എൽ 4ൽ സുഹാസ് യതിരാജിനാണ് വെള്ളി. ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനോട് സുഹാസ് തോറ്റു (21-–15, 17-–21, 15–21). ഗൗരവ് ഖന്നയാണ് ബാഡ്മിന്റൺ സംഘത്തിന്റെ പരിശീലകൻ.
ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ്. രണ്ടുപേർക്ക് ഇരട്ടമെഡലുണ്ട്. പത്തൊമ്പതുകാരി അവാനി ലേഖര സ്വർണവും വെങ്കലവും കുറിച്ചു. സിങ്–രാജ് അധാനയ്ക്ക് വെള്ളിയും വെങ്കലവുമുണ്ട്. സുമിത് ആൻടിലിന്റെ ലോകറെക്കോഡോടെയുള്ള സ്വർണമാണ് അത്–ലറ്റിക്സിൽ അഭിമാനമായത്. ജാവ്–ലിനിൽ സുമിതിന്റെ നേട്ടം ഒളിമ്പിക്സിൽ നീരജ് ചോപ്രയുടെ സ്വർണത്തെ ഓർമിപ്പിച്ചു. അഞ്ച് വെള്ളിയും രണ്ട് വെങ്കലവും അത്–ലറ്റിക്സിൽ വന്നു. 2024ൽ പാരിസിലാണ് അടുത്ത പാരാലിമ്പിക്സ്.