വാഷിങ്ടണ്
ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് മെക്സിക്കോ ഉൾക്കടലിൽ ഉണ്ടായ എണ്ണ ചോർച്ചയുടെ ഉറവിടം കണ്ടെത്താനും ശുചീകരണത്തിനും പ്രവര്ത്തനങ്ങൾ പുരോഗമിക്കുന്നതായി അമേരിക്കൻ തീരസേന അറിയിച്ചു. ചോർച്ചയുടെ ഉറവിടം കണ്ടെത്താന് മുങ്ങല് വിദഗ്ധരുടെ സംഘം ശ്രമം നടത്തുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് വക്താവ് ലെഫ്റ്റനന്റ് ജോൺ എഡ്വേർഡ്സ് പറഞ്ഞു.
എണ്ണ കൂടുതൽ വ്യാപിക്കുന്നത് തടയാൻ ഓയിൽ-സ്പിൽ റെസ്പോൺസ് സഹകരണ സംഘമായ ക്ലീൻ ഗൾഫ് അസോസിയേറ്റ്സ് കണ്ടെയ്ൻമെന്റ് ബൂം സ്ഥാപിച്ചു. കപ്പലുകള് വെള്ളത്തിൽനിന്ന് എണ്ണ നീക്കംചെയ്യാൻ ശ്രമിക്കുന്നുണ്ട്. എത്രമാത്രം എണ്ണ ചോര്ന്നിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. ചോര്ച്ചയുടെ വ്യാപ്തി നിർണയിക്കാൻ ഉപഗ്രഹ ചിത്രങ്ങള് ഉള്പ്പെടെ ഉപയോഗിച്ച് ശ്രമിക്കുകയാണ്. ഏകദേശം 160 ലിറ്റർ എണ്ണ മാത്രമേ വെള്ളത്തില് നിന്ന് നീക്കം ചെയ്തിട്ടുള്ളൂ.
ലൂയിസിയാനയിലെ പോർട്ട് ഫോർചോണിന് തെക്ക് മൂന്ന് കിലോമീറ്റർ അകലെ വെള്ളത്തിനടിയിൽ ടാലോസ് എനർജിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കുഴലിൽ നിന്നാണ് ക്രൂഡ് ഓയിൽ ചോർന്നതെന്നാണ് കരുതുന്നത്. ഉറവിടം നിർണയിക്കാൻ മുങ്ങല് വിദഗ്ധരുടെ സംഘത്തെ അയക്കുമെന്നും അമേരിക്കന് സര്ക്കാരുമായി ചേര്ന്ന് പ്രവര്ത്തിക്കുമെന്നും ടാലോസും അറിയിച്ചിട്ടുണ്ട്. നിലവില് ചോർച്ച ലൂയിസിയാന തീരത്തെ ബാധിച്ചിട്ടില്ല.a