കോഴിക്കോട്
വീണ്ടും നിപാമരണ ഭീതി നിറയുമ്പോൾ നാടിന്റെ ഓർമയിൽ മൂന്ന് വർഷം മുമ്പത്തെ ആശങ്കയുടെ രാപകലുകൾ. സ്ഥിരീകരിച്ച 16 മരണത്തിന് പുറമെ നിപാ സംശയിക്കുന്ന അഞ്ച് മരണങ്ങൾ കൂടിയുണ്ടായ കാലം. 2018 മേയിലാണ് പേരാമ്പ്ര ചങ്ങരോത്തെ ഒരു കുടുംബത്തിൽ അസാധാരണ രോഗം തലപൊക്കുന്നത്. മെയ് അഞ്ചിന് ഈ വീട്ടിലെ യുവാവ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ മരിച്ചു. ദിവസങ്ങൾക്കകം യൊളുടെ സഹോദരനും ആശുപത്രിയിലായി.
അന്നാണ് നിപാ എന്ന പേര് കേരളക്കര ഭീതിയൊടെ കേട്ടത്. അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മുന്നിട്ടിറങ്ങി. ഒരു മാസത്തിനുള്ളിൽ മാരക വൈറസിനെ പിടിച്ചുകെട്ടി. മുൻപരിചയമില്ലാത്ത രോഗമായിട്ടും വേഗത്തിൽ തിരിച്ചറിഞ്ഞ് തഴേതട്ട് മുതൽ പ്രതിരോധമൊരുക്കി. സമ്പർക്കപട്ടികയുണ്ടാക്കി 2600 പേരെ നിരീക്ഷിച്ചു. 400 സാമ്പിൾ പരിശോധിച്ചു. മരണം 200 വരെ ഉയർന്നേക്കുമെന്ന് ഭയന്നു.
എന്നാൽ വൈറസിനെ പിടിച്ചുകെട്ടി ലോകത്തിനാകെ മാതൃക കാട്ടി. രണ്ട് പേർ രോഗത്തെ അതിജീവിക്കുകയും ചെയ്തു. 2019ൽ കൊച്ചിയിലും യുവാവിന് രോഗബാധ ഉണ്ടായെങ്കിലും അയാളെയും രക്ഷപ്പെടുത്താനാനായി. ഈ മുൻമാതൃക തന്നെയാണ് ഇത്തവണയും നാടിന് ആത്മവിശ്വാസം.