തിരുവനന്തപുരം
കോവിഡിനിടയിലും അധ്യയനം മുടങ്ങാതിരിക്കാൻ അധ്യാപകർ കഠിനാധ്വാനം ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യാപകദിന സന്ദേശത്തിൽ പറഞ്ഞു. വിദ്യാഭ്യാസം ഡിജിറ്റലായപ്പോൾ അധ്യാപകരുടെ ജോലിഭാരവുംകൂടി. പുതിയ രീതി സ്വായത്തമാക്കാൻ അവർ വിദ്യാർഥികളായി മാറേണ്ടിവന്നു. ഈ വെല്ലുവിളികളെല്ലാം മറികടന്നാണ് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ അവർ പ്രയത്നിച്ചത്. അഭിമാനകരമായ ഈ നേട്ടത്തിൽ സംസ്ഥാനത്തെ എല്ലാ അധ്യപകരെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു.
സ്കൂളുകൾ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്രതിസന്ധിയിൽനിന്ന് ആർജിച്ച അറിവ് നമുക്ക് പുതിയ ദിശാബോധം പകരും. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള വളർച്ചയ്ക്ക് ഇന്ധനമാകാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണം. അധ്യപകസമൂഹത്തിന് എല്ലാ പിന്തുണയും സർക്കാർ ഉറപ്പുനൽകുന്നു. വർഗീയതയും അന്ധവിശ്വാസവും അനാചാരവും പിഴുതെറിഞ്ഞ് ജനാധിപത്യവും മാനവികതയും ശാസ്ത്രബോധവും ഉയർത്തിപ്പിടിക്കുന്ന തലമുറയുണ്ടാകണം. ഡോ. എസ് രാധാകൃഷ്ണൻ പറഞ്ഞപോലെ സ്വതന്ത്രചിന്തയും സർഗാത്മകതയും കൈമുതലായ മനുഷ്യനാണ് വിദ്യാഭ്യാസത്തിന്റെ ഉൽപ്പന്നം. ഈ വാക്ക് നമ്മൾ മക്കരുതെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.















