മുസഫർനഗർ
വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ തൊഴിലാളി–-കർഷക മഹാപഞ്ചായത്ത് ആഹ്വാനംചെയ്തു. വർഗീയകലാപം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മുസഫർനഗർ റാലി പ്രഖ്യാപിച്ചു. ഹിന്ദു–-മുസ്ലിം ഐക്യം ശക്തിപ്പെടുത്തും.
ബ്രിട്ടീഷുകാർ നടപ്പാക്കിയ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രമാണ് ഉത്തർപ്രദേശിൽ ബിജെപി പിന്തുടരുന്നതെന്ന് സംയുക്ത കിസാൻമോർച്ച ചൂണ്ടിക്കാട്ടി. ഇത് പരാജയപ്പെടുത്താൻ കഴിയുമെന്ന് തെളിയിക്കുന്നതാണ് റാലിയിലെ ജനപങ്കാളിത്തം, എട്ടുവർഷം മുമ്പ് വർഗീയകലാപമുണ്ടായ മുസഫർനഗറിലെ ആയിരക്കണക്കിനു തൊഴിലാളികൾ റാലിയിൽ അണിനിരന്നു. ആ കലാപത്തിലൂടെയാണ് ബിജെപി 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുപിയിൽ നിന്ന് സീറ്റുകൾ വാരിക്കൂട്ടിയത്.
മുമ്പ് വർഗീയ അസ്വാസ്ഥ്യങ്ങൾ ഉണ്ടായ ബുലന്ദ്ഷഹറിൽനിന്ന് 91 ബസിലാണ് കർഷകരെത്തിയത്. തൊഴിലില്ലായ്മയും മുഖ്യവിഷയമായി ഉയർത്തി പ്രക്ഷോഭം തുടങ്ങാൻ മഹാപഞ്ചായത്ത് തീരുമാനിച്ചു. യുപിയിലെ ആദിത്യനാഥ് സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. സംഭരണം 20 ശതമാനത്തിൽ താഴെമാത്രമാണ് നടന്നത്. 86 ലക്ഷം പേർക്ക് കാർഷിക കടാശ്വാസപദ്ധതിയുടെ ആനുകൂല്യം വാഗ്ദാനം ചെയ്തെങ്കിലും പകുതി പേർക്ക് കിട്ടിയിട്ടില്ല. കരിമ്പ് കർഷകർക്ക് മില്ലുകൾ 8,700 കോടിയോളം രൂപ കുടിശ്ശിക വരുത്തി. 2016–-17ൽ യുപിയിൽ 72 ലക്ഷം കർഷകർക്കാണ് വിള ഇൻഷ്വറൻസ് ലഭിച്ചത്. 2019–-20ൽ ഇതു 47 ലക്ഷമായി ചുരുങ്ങി. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് 2,508 കോടി രൂപ ലാഭമുണ്ടായി. കരിമ്പ് ക്വിന്റലിനു 450 രൂപ താങ്ങുവില ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാനും മഹാപഞ്ചായത്ത് തീരുമാനിച്ചു.
പൊലീസിനെ ഉപയോഗിച്ച് വാഹനങ്ങൾ തടഞ്ഞും താമസസൗകര്യം നിഷേധിച്ചും റാലി പൊളിക്കാൻ യുപി സർക്കാർ ശ്രമിച്ചു. ഈ പ്രതിബന്ധങ്ങൾ തകർത്തെറിഞ്ഞ കർഷകരെ സംയുക്ത കിസാൻമോർച്ച അഭിനന്ദിച്ചു.
സജീവ സാന്നിധ്യമായി കിസാൻസഭ
രാജ്യമെമ്പാടുമുള്ള ചെറുതും വലുതുമായ കർഷകസംഘടനകളെ കോർത്തിണക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന അഖിലേന്ത്യാ കിസാൻസഭയുടെ സജീവസാന്നിധ്യം മുസഫർനഗർ റാലിയിലും പ്രകടം. അഖിലേന്ത്യാ കിസാൻസഭയുടെ പതാകയുമായി ആയിരക്കണക്കിനു കർഷകർ റാലിയിൽ പങ്കെടുത്തു. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നും ഒട്ടേറെ യുവാക്കളുൾപ്പെടെ കിസാൻസഭ പ്രവർത്തകർ റാലിക്കെത്തി.
അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, വൈസ് പ്രസിഡന്റ് ഡി പി സിങ്, ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എന്നിവർ റാലിക്ക് നേതൃത്വം നൽകി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട് എന്നിവരും റാലിയിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ കച്ചവടം തുറന്നുകാട്ടും: ടിക്കായത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുതന്നെ കർഷകരും പ്രചാരണം നടത്തുമെന്ന് കർഷകനേതാവ് രാകേഷ് ടിക്കായത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തൊക്കെയാണ് വിൽക്കുന്നതെന്ന് ഞങ്ങൾ ജനങ്ങളോട് പറയും.വൈദ്യുതി, വെള്ളം എന്നിവയെല്ലാം വിൽക്കുകയാണ്. ഇതെല്ലാം പ്രധാനമന്ത്രിക്ക് പരസ്യമാകും–-ടിക്കായത്ത് പരിഹസിച്ചു.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും കർഷകപഞ്ചായത്ത് നടത്തും. മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്ഥലമായ ഗൊരഖ്പുരിൽ കർഷകപഞ്ചായത്ത് നടത്തുമോ എന്ന ചോദ്യത്തിനു ‘ഗൊരഖ്പുർ കർഷകരുടേതാണ്, ക്ഷേത്രം മാത്രമാണ് യോഗിയുടേത്’ എന്ന് ടിക്കായത്ത് മറുപടി നൽകി.