കൊല്ലം
യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കാൻ പ്രവർത്തകരെ കിട്ടില്ലെന്ന് ആർഎസ്പി സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിമാരുടെ മുന്നറിയിപ്പ്. പ്രവർത്തന റിപ്പോർട്ടിലാണ് ജില്ലാ സെക്രട്ടറിമാർ യുഡിഎഫ് ബന്ധം തുടരുന്നതിലെ പ്രവർത്തകരുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടിയത്. കോൺഗ്രസുമായുള്ള സഹകരണം തുടർന്നാൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി ആവർത്തിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലാ സെക്രട്ടറിമാരുടെ അഭിപ്രായത്തിന് ചുവടുപിടിച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷം പേരും പാർടി യുഡിഎഫ് ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇനിയൊരു പിളർപ്പിന് പാർടിക്ക് ത്രാണിയില്ലെന്നും മുന്നണി വിടുന്നെങ്കിൽ ഒറ്റക്കെട്ടായി തീരുമാനമെടുക്കണമെന്നും വാദം ഉയർന്നു. ഇപ്പോൾ യുഡിഎഫ് വിടാനുള്ള സാഹചര്യമില്ലെന്നും അനുകൂല സാഹചര്യം വരുമ്പോൾ പാർടി എന്തു തീരുമാനമെടുത്താലും ഒപ്പമുണ്ടാകുമെന്നും യോഗത്തിൽ അധ്യക്ഷനായിരുന്ന എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. യുഡിഎഫ് എന്ന കപ്പലിനെ മുക്കുന്ന പണിയാണിപ്പോൾ കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഷിബു ബേബിജോൺ പറഞ്ഞു. അനുകൂല രാഷ്ട്രീയ സാഹര്യം വരുമ്പോൾ മുന്നണിമാറ്റം ആലോചിക്കേണ്ടിവരും. കോൺഗ്രസിന്റെ ഇപ്പോഴത്തെ പോക്ക് യുഡിഎഫിനെ തകർക്കുമെന്നും ഷിബു പറഞ്ഞു. ബാബുദിവാകരൻ, ഇറവൂർ പ്രസന്നകുമാർ, സി ഉണ്ണിക്കൃഷ്ണൻ, കെ എസ് വേണുഗോപാൽ, സജി ഡി ആനന്ദ്, കെ മുസ്തഫ, അഡ്വ. സണ്ണിക്കുട്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കൽപ്പാന്തകാലം കോൺഗ്രസ് ബന്ധം തുടരാനാകില്ലെന്ന് എ എ അസീസ്
ഇടതുപക്ഷ പാർടി എന്ന നിലയിൽ ആർഎസ്പിക്ക് കൽപ്പാന്തകാലം കോൺഗ്രസുമായി ബന്ധം തുടരാൻ കഴിയില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. പാർടിയുടെ ശക്തികേന്ദ്രമായ ചവറയിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ കോൺഗ്രസ് വലിയ വീഴ്ചകാട്ടിയെന്നും ആർഎസ്പി സംസ്ഥാന കമ്മിറ്റിയിലെ ചർച്ചയ്ക്ക് മറുപടിയായി എ എ അസീസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പുള്ള സീറ്റുകളാണ് ആർഎസ്പിക്ക് നൽകിയത്. ഇതെല്ലാം കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിലും യുഡിഎഫ് യോഗത്തിലും തുറന്നുപറയും. ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കാമെന്നും എ എ അസീസ് പറഞ്ഞു.