കോട്ടയം/ഹരിപ്പാട്
കോൺഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പിൽ അവഗണിച്ചെന്ന പരാതി ആവർത്തിച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും. പ്രതിഷേധം തണുപ്പിക്കുന്നതിനായി ഞായറാഴ്ച ഇരുനേതാക്കളുമായി ചർച്ചക്കെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടാണ് പരാതികൾ ആവർത്തിച്ചത്. ചർച്ചയ്ക്ക് ശേഷവും നേതാക്കൾ വിരുദ്ധധ്രുവങ്ങളിലാണെന്ന് പ്രതികരണങ്ങൾ വ്യക്തമാക്കി. രാവിലെ പുതുപ്പള്ളിയിലെത്തിയ സതീശൻ അടച്ചിട്ട മുറിയിൽ ഉമ്മൻചാണ്ടിയുമായി മുക്കാൽ മണിക്കൂർ ചർച്ചനടത്തി. ഹരിപ്പാട്ടെ എംഎൽഎ ഓഫീസിലായിരുന്നു രമേശ് ചെന്നിത്തലയുമായുള്ള ചർച്ച. ഒന്നര മണിക്കൂർ നീണ്ടു.
സതീശൻ വന്നത് താൽകാലിക വിജയമായാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കരുതുന്നത്. തള്ളിപ്പറഞ്ഞ നേതാക്കളെ അവരുടെ അടുത്തെത്തി കാണേണ്ടിവന്നതിന്റെ ജാള്യതയിലാണ് പുതുചേരി. ഈ സാഹചര്യത്തിൽ തിരിച്ചടിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. പുനഃസംഘടന ഗ്രൂപ്പടിസ്ഥാനത്തിൽ വീതംവയ്ക്കലാകും എന്ന സൂചനയാണ് സതീശന്റെ സന്ദർശനം. തിരുവഞ്ചൂർ രാധാകൃഷ്ണനെയും സതീശൻ കണ്ടു. ചെന്നിത്തലയോടുള്ള പ്രതിഷേധം തിരുവഞ്ചൂർ ആവർത്തിച്ചു.
മുതിർന്ന നേതാക്കൾക്ക് പ്രശ്നമുണ്ടാകില്ലെന്നാണ് സതീശൻ പറഞ്ഞതെങ്കിലും ചർച്ചയില്ലെങ്കിൽ പ്രശ്നം വഷളാകുമെന്നാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. പ്രശ്നങ്ങൾ നിലനിൽക്കുകയാണെന്നും ചർച്ച നല്ല കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിങ്കൾ നടക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാതികൾ പരിഹരിക്കാമെന്ന് സതീശൻ വാക്ക് കൊടുത്തെങ്കിലും എ, ഐ ഗ്രൂപ്പുകൾ മുഖവിലയ്ക്കെടുത്തിട്ടില്ല. മുറിവേറ്റവരാണ് നേതാക്കളെല്ലാം. ഇവർ തന്ത്രങ്ങൾ മെനയുകയാണ്. വരുംദിവസങ്ങളിലും പോര് കടുക്കും.
പ്രശ്നങ്ങൾ പരിഹരിക്കും: വി ഡി സതീശൻ
കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞാൽ കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിലെത്തി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഷയങ്ങളിലും പരിഹാരമുണ്ടാകും. മുതിർന്ന നേതാക്കൾക്ക് ഒരു പ്രശ്നവുമുണ്ടാകില്ല. പ്രശ്നങ്ങൾ തീർപ്പാക്കേണ്ടയാളാണ് താൻ. പ്രവർത്തകരുടെ വികാരം മാനിച്ച് എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ടുപോകുമെന്നും സതീശൻ പറഞ്ഞു.
പ്രശ്നങ്ങളുണ്ട്; ചർച്ചയ്ക്ക് മുൻകൈ എടുത്താൽ സഹകരിക്കും
കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്നും പരിഹരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയിലെ വീട്ടിൽ വി ഡി സതീശനുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ചകൾ ഇല്ലാതിരിക്കുന്നത് പ്രശ്നങ്ങൾ വഷളാക്കും. ചർച്ചയ്ക്ക് മുൻകൈ എടുത്താൽ സഹകരിക്കും. സതീശനുമായുള്ള ചർച്ചയിൽ തൃപ്തനാണോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറി. പാർടിയാണ് ഒന്നാമത്, ഗ്രൂപ്പ് രണ്ടാമതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അനുനയത്തിൽ വീഴില്ല; കോപ്പുകൂട്ടി എയും ഐയും
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഞായറാഴ്ചത്തെ അനുനയ ചർച്ച സംശയത്തോടെ വീക്ഷിച്ച് എ, ഐ ഗ്രൂപ്പുകൾ. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചതിൽ കെ സുധാകരന്റെ വലംകൈയായി നിൽക്കുകയും ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്ത സതീശന്റെ സന്ദർശനം ആത്മാർഥത ഇല്ലാത്തതാണെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തൽ.
ചർച്ച നടത്തിയെന്ന് ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സതീശന്റെ സന്ദർശനം. അനുനയനീക്കത്തിൽ വഴങ്ങേണ്ടതില്ലെന്നാണ് എയുടെയും ഐയുടെയും തീരുമാനം. ബ്ലോക്ക്തലംമുതലുള്ള പുനഃസംഘടനയിൽ പിടിമുറുക്കുകയാണ് ലക്ഷ്യം. ഡിസിസി പ്രസിഡന്റ് നിയമനത്തിലെ തിരിച്ചടി ആവർത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായുള്ള ചർച്ച ഒരുഫലവുമുണ്ടാക്കിയിട്ടില്ല. വീണ്ടും ചർച്ച വേണമെന്ന് ഉമ്മൻചാണ്ടി ആവർത്തിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കുംമുമ്പുതന്നെ പുതിയ ഡിസിസി പ്രസിഡന്റുമാർക്ക് രാഷ്ട്രീയ ക്ലാസ് നൽകാനുള്ള തീരുമാനത്തിലാണ് കെപിസിസി നേതൃത്വം. ബുധൻ, വ്യാഴം ദിവസങ്ങളിൽ നെയ്യാർഡാമിന് സമീപത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലാണ് ക്ലാസ്. മുതിർന്ന നേതാക്കളെ വകവയ്ക്കില്ലെന്ന നിലപാട് കെ സുധാകരൻ ആവർത്തിക്കുകയാണ്.