നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക വിപുലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മന്ത്രി കോഴിക്കോട് ചേർന്ന അവലോകന യോഗത്തിനു ശേഷം പ്രതികരിച്ചു. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോൾ ആരോഗ്യ വകുപ്പ് തിരിച്ചറിയാത്ത ആളുകൾ ഉണ്ടായേക്കാം. പ്രൈമറി കോണ്ടാക്ടുകളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അവരുടെ സെക്കന്ററി കോണ്ടാക്ടുകളെ തിരിച്ചറിയേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സെക്കന്ററി കോണ്ടാക്ടുകളെ കണ്ടെത്തുമ്പോൾ സമ്പർക്ക പട്ടിക വിപുലപ്പെടുത്തേണ്ടിവരും. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരാകും ചികിത്സയ്ക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ സ്വകാര്യ ആശുപത്രികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
“നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.”
“ഐസിയു ബെഡുകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കുന്നതാണ്. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്തും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തുന്നതാണ്.”
“നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി കണ്‍ഫോം ചെയ്യാന്‍ എന്‍ഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കുന്നതാണ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധ സംഘം ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തും.” മന്ത്രി വീണാ ജോർജ്ജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നിപ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ മന്ത്രി രാവിലെയാണ് കോഴിക്കോട്ടെത്തിയത്. തുടർന്ന് ഗസ്റ്റ് ഹൗസിൽ യോഗം ചേർന്ന ശേഷം കളക്ടറേറ്റിൽ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേർന്നു. സമ്പർക്ക പട്ടികയിൽ നൂറ്റി അൻപത്തി എട്ടുപേരാണ് ഉള്ളത്. അതിൽ ഇരുപതു പേരാണ് പ്രാഥമിക സമ്പർക്കത്തിൽ ഉള്ളത്. അതിൽത്തന്നെ രണ്ടുപേർ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം, മരണപ്പെട്ട കുട്ടിയുടെ വീട് കേന്ദ്ര സംഘം സന്ദർശിച്ചു. സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരിലെത്തിയത്.കുട്ടിക്ക് രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം രോഗം ബാധിക്കുന്നതിന് മുൻപ് കുട്ടി പറമ്പിൽ നിന്നും റമ്പൂട്ടാൻ കഴിച്ചിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ സ്ഥലം സന്ദർശിച്ച സംഘം റമ്പൂട്ടാൻ പഴത്തിന്‍റെ സാമ്പിളുകളും ശേഖരിച്ചെന്നാണ് റിപ്പോർട്ട്.
കുട്ടി റമ്പൂട്ടാൻ കഴിച്ചെന്ന് പറയുന്ന സാഹചര്യത്തിൽ ഇത് വവ്വാലുകൾ എത്തിയ ഇടമാണോയെന്ന് പരിശോധിക്കാനാണ് പഴത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചത്. നിപ വൈറസ് ബാധ വവ്വാലുകളിൽ നിന്നാണോ ഏറ്റതെന്ന് തിരിച്ചറിയാനായാണ് ഇത്. കുട്ടിയുടെ മാതാപിതാക്കളെയും അടുത്ത സംഘത്തെയും കണ്ട കേന്ദ്ര സംഘം കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങൾ തുടങ്ങിയവയുടെയെല്ലാം വിവരങ്ങൾ തേടി.
മുന്നൂര്‍ സ്വദേശിയായ പന്ത്രണ്ടുകാരനാണ് നിപാ ബാധിച്ച് മരിച്ചത്. മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ കുട്ടിക്ക്, ഇന്നലെ രാത്രിയോടെയായിരുന്നു നിപ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘം കോഴിക്കോട്ട് ക്യാംപ് ചെയ്യുകയാണ്.
2018 മേയ് മാസത്തിൽ കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീട് കോഴിക്കോടിന് പുറത്ത് മലപ്പുറം ജില്ലയിലടക്കം രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. 17 പേർ അന്ന് നിപ ബാധിച്ച് മരിച്ചിരുന്നു. 2019ൽ കൊച്ചിയിലും ഒരു നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെങ്കിലും വേഗത്തിൽ തന്നെ ഇത് നിയന്ത്രണ വിധേയമാക്കുവാൻ സാധിച്ചിരുന്നു.