കോഴിക്കോട്:ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12-കാരന്റെ മാതാവിന് ചെറിയ പനിയുള്ളതായാണ് അറിയുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രാഥമിക സമ്പർക്കമുള്ളഇവർ ഹൈ റിസ്ക് വിഭാഗത്തിലാണ്. സർവൈലൻസ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ട്. അവർ ഉൾപ്പെടെയുള്ളവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണെന്നും കോഴിക്കോട് ചേർന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോൾ ആരോഗ്യവകുപ്പ് തിരിച്ചറിയാത്ത ആളുകളുണ്ടാകാം. പ്രൈമറി കോൺടാക്റ്റാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അവരുടെ സെക്കൻഡറി കോൺടാക്റ്റ് തിരിച്ചറിയേണ്ടതുണ്ട്. അപ്പോൾ സമ്പർക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ട്. സമയബന്ധിതമായി കോൺടാക്റ്റുകൾ തിരിച്ചറിഞ്ഞിട്ടേ കാര്യമുള്ളൂ. ആ രീതിയിലുള്ള വളരെ ഏകോപനത്തോടെയുള്ള ശക്തമായ പ്രവർത്തനമാണ് നടക്കുന്നത്.
ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെ സാമ്പിളുകൾ പരിശോധനക്കായി അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ ചികിത്സക്കായി പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളിൽ ശ്രദ്ധയിൽപ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights:Health Minister Veena George on nipah outbreak