മനാമ> സൗദി കിഴക്കന് പ്രവിശ്യയായ ദമാമില് സൗദി സേന തകര്ത്ത ഹുതി മിസൈല്, ഡ്രോണ് അവശിഷ്ടങ്ങള് പതിച്ച് രണ്ടുകുട്ടികള്ക്ക് പരിക്കേറ്റു. 14 വീടുകള്ക്ക് കേടുപാട് പറ്റിയതായും അറബ് സഖ്യസേനാ വക്താവ് തുര്ക്കി അല് മാലിക്കി അറിയിച്ചു.
ശനിയാഴ്ച സൗദിക്കുനേരെ ഹുതികള് ആറു തവണ മിസൈല്, ഡ്രോണ് ആക്രമണങ്ങള് നടത്തി. മൂന്ന് ബാലിസ്റ്റിക് മിസൈലുകളും സ്ഫോടക വസ്തുക്കള് നിറച്ച മൂന്ന് ഡ്രോണുകളുമാണ് യെമനിലെ ഹുതികള് സൗദിക്ക് നേരെ തൊടുത്തത്. ഇവ ആകാശത്തുവെച്ച് തന്നെ സഖ്യസേനെ തകര്ത്തു.ശനിയാഴ്ച രാത്രി 9.30 ഓടെ തെക്കുപടിഞ്ഞാറന് അതിര്ത്തി നഗരമായ നജ്റാനുനേരെയും ഹുതികള് മിസൈല് ആക്രമണം നടത്തി. ലക്ഷ്യം കാണുംമുന്പ് ഇതും തകര്ത്തു.
കഴിഞ്ഞ ചൊവ്വാഴ്ച അബ്ഹ വിമാനത്താവളത്തിന് നേരെ ഹുതികള് നടത്തിയ ഡ്രോണ് ആക്രമണത്തില് രണ്ട് ഇന്ത്യക്കാര് ഉള്പ്പെടെ എട്ടു ജീവനക്കാര്ക്ക് പരിക്കേറ്റിരുന്നു. ഒരു ബംഗ്ലാദേശ് പൗരന്റെ പരിക്ക് ഗുരുതരമാണ്. നിര്ത്തിയിട്ടിരുന്ന ഒരു വിമാനത്തിന് കേടുപാടും പറ്റി. അന്ന് രണ്ട് തവണയെയാണ് വിമാനത്താവളത്തിന് നേരെ ഹുതികള് ആക്രമണം നടത്തിയത്.