അധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ പരസ്യപ്രതികരണം ആരംഭിച്ചതിന് പിന്നാലെയാണ് വി ഡി സതീശൻ നേതാക്കളുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് സമവായത്തിലേക്ക് കാര്യങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യം മുൻ നിർത്തിയാണ് പ്രതിപക്ഷ നേതാവിന്‍റെ കൂടിക്കാഴ്ച. ഹരിപ്പാടെത്തിയാണ് രമേശ് ചെന്നിത്തലയുമായി സതീശൻ കൂടിക്കാഴ്ച നടത്തിയത്.
Also Read :
ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളെക്കണ്ട വി ഡി സതീശൻ മുതിർന്ന നേതാക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരുന്നു. മുതിർന്ന നേതാക്കൾക്ക് പ്രയാസമുണ്ടാക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ല. കോൺഗ്രസ് ജനാധ്യപത്യ പാർട്ടിയാണ്. ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകും. പിണക്കങ്ങൾ ഉണ്ടാകുമ്പോൾ ഇണക്കത്തിന്‍റെ ശക്തി കൂടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവുമായി നടന്ന ചർച്ചകളോട് അനുഭാവപൂർവ്വം പ്രതികരിക്കുമെന്നാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. പഴയ കാര്യങ്ങൾ പറയാനില്ല. ചർകളാണ് കോൺഗ്രസിന്‍റെ ശൈലി. കോൺഗ്രസാണ് വലുത്. കോൺഗ്രസ് ഫസ്റ്റും, ഗ്രൂപ്പ് സെക്കൻഡുമാണ്. കോൺഗ്രസിൽ ചില പ്രശ്നങ്ങളുണ്ട്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ ഉണ്ടായതിൽ വേദനയുണ്ട്. ചർച്ചകളിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കും. പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read : ‘
പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടതിന് പിന്നാലെയായിരുന്നു വി ഡി സതീശൻ തിരുവഞ്ചൂർ രാധാകൃഷ്ണനെ വീട്ടിലെത്തി കണ്ടത്. കഴിഞ്ഞദിവസം രമേശ് ചെന്നിത്തലയ്ക്കെതിരെ തിരുവഞ്ചൂർ നടത്തിയ പ്രതികരണം ചർച്ചയായ സാഹചര്യത്തിൽ കൂടിയായിരുന്നു ഈ കൂടിക്കാഴ്ച.
എല്ലാവരെയും കാണുന്നതിന്‍റെ ഭാഗമായിട്ടാണ് വി ഡി സതീശൻ വീട്ടിൽ എത്തിയതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്. എല്ലാവരെയും ഒന്നിച്ച് കൊണ്ട് പോകണമെന്നാണ് അവരുടെ ആഗ്രഹം. തന്‍റെ നിലപാടും അത് തന്നെയാണ്. എഐസിസിക്കും കെപിസിസിക്കും പിന്നിൽ എല്ലാവരും അണിനിരക്കണം. പാർട്ടിയിൽ സൗഹാർദ അന്തരീക്ഷം ഉണ്ടാകണമെന്നും സതീശനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവഞ്ചൂർ പറഞ്ഞിരുന്നു.
Also Read :
ഡിസിസി അധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നേതാക്കളുടെ പരസ്യപ്രതികരണം തുടരുന്നതിനിടെ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഒരു വിഭാഗം നേതാക്കൾ ഹൈക്കമാൻഡിൽ പരാതി നൽകിയിരുന്നു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും വി ഡി സതീശനെയും പിന്തുണയ്ക്കുന്ന വിഭാഗമാണ് ഹൈക്കമാൻഡിന് പരാതി നൽകിയതെന്നാണ് റിപ്പോർട്ട്. ഈ വാർത്ത ചർച്ചയാകുന്നതിനിടെയാണ് നേതാക്കളെ നേരിട്ട് കാണുന്നത്.