തലച്ചോറിനെ ബാധിക്കുന്ന എൻസെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണ് നിപാ വൈറസ്. സാധാരാണ വവ്വാലുകളിലാണ് ഈ വൈറസ് കാണുക. വവ്വാലിന്റെ പ്രജനന സമയത്താണ് വൈറസ് കൂടുതലായും പുറത്തേക്ക് വരിക. ഈ സമയത്ത് വവ്വാലിൽ നിന്ന് നേരിട്ടോ വവ്വാലുമായി ബന്ധമുള്ള മറ്റ് ജീവികളിൽ നിന്നോ സാധനങ്ങളിൽ നിന്നോ മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ വൈറസ് എത്താം. ഇത് രണ്ട് തരത്തിൽ ബാധിക്കാം ചിലരിൽ തലച്ചോറിനെ ബാധിക്കുന്ന രോഗലക്ഷണങ്ങളായിട്ട് വരാം. മറ്റുചിലരിൽ ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിൽ വരാം. ശ്വാസകോശങ്ങളെ ബാധിക്കുന്ന ചുമ, പനി, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള രോഗികളിൽ നിന്നാണ് കൂടുതൽ പേരിലേക്ക് രോഗം വരാൻ സാധ്യത ഉള്ളത്.
കോഴിക്കോട് വീണ്ടും നിപ മരണമുണ്ടായ പശ്ചാത്തലത്തിൽ 2017 ൽ രോഗവ്യാപനമുണ്ടായ ഘട്ടത്തിൽ നിപ ആണെന്ന സംശയം ആദ്യം ഉന്നയിച്ച് നിർണായക വഴിത്തിരിവ് നൽകിയ ഡോക്ടർ എ.എസ് അനൂപ്കുമാർ പുതിയ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു.
നൂറ് ശതമാനം ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമോ?
നിപ്പക്ക് ഇത് വരെ കൃത്യമായ ഒരു ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പല രീതിയിലുള്ള ആന്റിവൈറൽ മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. റിബവൈറിനൊപ്പം കോവിഡിന് ഉപയോഗിക്കുന്ന ചിലമരുന്നുകളും നമ്മൾ ഈ രോഗം ചികിത്സിക്കാൻ ഉപയോഗിക്കുന്നുണ്ട്. 2018ൽ രോഗം സ്ഥിരീകരിക്കുമ്പോൾ കേരളത്തിൽ ഈ മരുന്നുകൾ നമുക്ക് ഉണ്ടായിരുന്നില്ല. ഇന്ന് മരുന്നുകൾ കേരളത്തിൽ ലഭ്യമാണ്.
ഈ കുട്ടിയുടെ ഉറവിടം എത്രയും പെട്ടന്ന് കണ്ടെത്തേണ്ടതുണ്ട്. വവ്വാലിലൂടെ നേരിട്ടാണോ അതോ മറ്റേതെങ്കിലും രീതിയിലാണോ കുട്ടിക്ക് രോഗം പകർന്നതെന്ന് എത്രയും വേഗം കണ്ടേത്തണ്ടത് രോഗ വ്യാപനം തടയാൻ അത്യാവശ്യമാണ്.
ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടോ?
ഒരിക്കലും ഇല്ല, മരണ നിരക്ക് കൂടുതലാണെങ്കിലും രോഗവ്യാപന നിരക്ക് വളരെ കുറവുള്ള രോഗമാണിത്. മാത്രമല്ല നമ്മൾ എല്ലാവരും കോവിഡിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ സ്വീകരിച്ചിട്ടുള്ളതിനാൽ ആരോഗ്യപ്രവർത്തകരിലേക്കോ പൊതുജനങ്ങളിലേക്കോ വലിയ രീതിയിൽ രോഗം വ്യാപിക്കില്ല. മാത്രവുമല്ല കോവിഡിൽ നിന്നും വ്യത്യസ്തമായി ഉറവിടം കണ്ടെത്തിയാൽ ഒരു പരിധിവരെ നമുക്ക് നിപ്പയുടെ വ്യാപനം തടയാം. 2018ന് ശേഷം കേരളത്തിന് പുറത്ത് പലയിടത്തും ഈ രോഗം കണ്ടിട്ടുണ്ട്. അവിടെ എല്ലാം ഒരു കുടുംബത്തിലെ രണ്ടോ മൂന്നോ പേരിൽ മാത്രമാണ് രോഗം കണ്ടിട്ടുള്ളത് എന്നതും നമുക്ക് ആശ്വാസകരമാണ്.
പ്രതിരോധ മാർഗങ്ങൾ?
കോവിഡിൽ സ്വീകരിക്കുന്ന പോലെ തന്നെ രോഗിയിൽ നിന്നും മാറി നിൽക്കുക. മാസ്ക് ധരിക്കുക. രോഗലക്ഷണങ്ങൾ ഉള്ളവർ കൃത്യമായി പരിശോധനക്ക് വിധേയരാവുക ക്വാറന്റൈൻ പാലിക്കുക. രോഗികളെ പരിചരിക്കുന്നവർ കൃത്യമായ ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കുക.
ഇപ്പോൾ രോഗം സ്ഥിരീകരിച്ച സ്ഥലത്തുള്ളവർ എന്തൊക്കെ മുൻകരുതൽ സ്വീകരിക്കണം?
കുട്ടിയുടെ രോഗത്തിന്റെ ഉറവിടം ആണ് ആദ്യം കണ്ടെത്തേണ്ടത്. പ്രദേശത്ത് സമാനമായ രോഗലക്ഷണങ്ങൾ ഉള്ളവർ ഉണ്ടോ, മസ്തിഷ്ക ജ്വരം ഉള്ളവർ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ അവരേയും പരിശോധനക്ക് വിധേയമാക്കണം. ആരെങ്കിലും സമാന ലക്ഷണങ്ങളോടെ മരിച്ചിട്ടുണ്ടോ എന്നും നോക്കണം. ഈ കുട്ടി മൂന്ന് സ്ഥലങ്ങളിൽ ചികിത്സ തേടിയിട്ടുണ്ട്. ഈ കുട്ടിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരേയും ഈ കുട്ടി ചികിത്സ തേടിയിരുന്ന സ്ഥലങ്ങളിൽ ഒപ്പം ചികിത്സ തേടിയവരേയും ക്വാറന്റൈൻ ചെയ്യണം. ഉടൻ സാമ്പിളുകൾ പരിശോധിക്കുകയും വേണം.
കോവിഡും നിപ്പയും മാറിപ്പോകാവുന്ന സാഹചര്യം ഉണ്ടോ?
കോവിഡ് പോലെ ലക്ഷണങ്ങളില്ലാത്ത രോഗികൾ നിപ്പയിൽ ഇല്ല, രോഗം ഉള്ളവർ എല്ലാവരും തന്നെ ലക്ഷണങ്ങൾ കാണിക്കുകയും പെട്ടന്ന് ഗുരുതരമായ അവസ്ഥയിലേക്ക് പോവുകയും ചെയ്യും. അത് കൊണ്ട് സമൂഹത്തിൽ നമ്മൾ അറിയാത്ത ഒരു രോഗവ്യാപനം ഉണ്ടാവില്ല. പനി ഉൾപ്പടെയുള്ള രോഗലക്ഷണം ഉള്ളവർ ആദ്യം കോവിഡ് പരിശോധനയ്ക്ക് വിധേയരാവുക. കോവിഡ്നെഗറ്റീവ് ആവുകയും ലക്ഷണങ്ങൾ നിലനിൽക്കുകയുമാണെങ്കിൽ ഉടൻ നിപ്പ പരിശോധനക്ക് വിധേയരാവണം. നേരിയ പനിയുള്ള എല്ലാവരേയും നിപ്പയുണ്ടോ എന്ന സംശയത്തിൽ പരിശോധിക്കേണ്ടതില്ല