കോഴിക്കോട് > കോഴിക്കോട് വീണ്ടും നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കര്ശന ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്ജിനൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും അഹമ്മദ് ദേവര്കോവിലും കോഴിക്കോട് എത്തി പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നുണ്ട്. രാവിലെ 11 മണിക്ക് മന്ത്രിമാരും കലക്ടറും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗം ചേര്ന്നു. കോഴിക്കോട് മെഡിക്കല് കോളേജില് നിപാ വാര്ഡ് തുറന്നു.
നിപാ ബാധിച്ചു മരിച്ച പന്ത്രണ്ടുവയസ്സുകാരന്റെ സമ്പര്ക്കപട്ടിക തയാറാക്കി. ബന്ധുക്കളും അയല്വാസികളുമടക്കം കുട്ടിയുമായി പ്രാഥിക സമ്പര്ക്കത്തിലേര്പ്പെട്ട 17 പേര് നിലവില് നിരീക്ഷണത്തിലാണ്. പ്രാഥമിക സമ്പര്ക്കപ്പട്ടികയിലുള്ള ആര്ക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗത്തിന്റെ ഉറവിടം അന്വേഷിക്കുകയാണ്. വ്യാപനം തടയുന്നതിനാണ് പ്രഥമപരിഗണനയെന്നും മന്ത്രി പറഞ്ഞു.
വീട് സ്ഥിതി ചെയ്യുന്നതടക്കമുള്ള ചാത്തമംഗലം പഞ്ചായത്തിലെ നാലു വാര്ഡുകള് പൂര്ണമായും അടച്ചു. വീടിന് മൂന്ന് കിലോമീറ്റര് പരിധിയില് റോഡുകള് അടച്ചിട്ടുണ്ട്. നേരത്തെ കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്ത്തകരെ ക്വാറന്റീനില് പ്രവേശിപ്പിക്കാനും ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.
ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്, പാഴൂര്, മുന്നൂര്, ചിറ്റാരിപ്പിലാക്കില് എന്നീ ഭാഗങ്ങളിലാണ് നിയന്ത്രണമേര്പ്പെടുത്തിയത്. പ്രദേശത്തുള്ള ആര്ക്കെങ്കിലും രോഗലക്ഷണങ്ങള് കണ്ടാല് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് മുഴുവന് കര്ശന നിയന്ത്രണത്തിലാണ്. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂര് ജില്ലകളിലും ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
പനിയും ഛര്ദിയുമായി ഒന്നാംതീയതിയാണ് ചാത്തമംഗലം സ്വദേശിയായ 12കാരനെ മെഡിക്കല് കോളജിലെത്തിച്ചത്. രോഗം ഗുരുതരമായതിനെ തുടര്ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രിയോടെയാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഉടന്തന്നെ ആക്ഷന് പ്ലാന് തയ്യാറാക്കുകയും കുട്ടിയുടെ വീട് ഉള്പ്പെടുന്ന പ്രദേശം പൊലീസെത്തി അടക്കുകയും ചെയ്തിരുന്നു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്ന്ന് രാത്രി മെഡിക്കല് കോളജില്, പ്രിന്സിപ്പലും സൂപ്രണ്ടുമാരുമടക്കമുള്ളവര് പങ്കെടുത്ത ഉന്നതതലയോഗം ചേര്ന്നു.
ഞായറാഴ്ച രാവിലെ നാലരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പുണെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച മൂന്നു സാംപിളുകളും പോസിറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്ജ് സ്ഥിരീകരിച്ചിരുന്നു.