കേരള വഖഫ് ബോർഡ് സി.ഇ.ഓ ആയി തുടരാൻ മുഹമ്മദ് ജമാലിന് അവകാശമില്ലെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. നിലവിലെ ചട്ടങ്ങൾ പ്രകാരം 56 വയസ് കഴിഞ്ഞതിനാൽ ജമാൽ വിരമിക്കണം എന്നും സർക്കാർ വ്യക്തമാക്കി. ഇതിനിടെ സി.ഇ.ഓ സ്ഥാനത്ത് തുടരാൻ ജമാലിനെ അനുവദിക്കുന്ന സ്റ്റേ ഉത്തരവ് അടിയന്തരമായി നീക്കണമെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
2000-ൽ എ കെ ആന്റണി സർക്കാരിന്റെ കാലത്ത് വഖഫ് ബോർഡിന്റെ സി.ഇ.ഓ ആയി നിയമിതനായ മുഹമ്മദ് ജമാലിന് എതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
2020-ലെ സംസ്ഥാന വഖഫ് ഭേദഗതി ചട്ടങ്ങൾ പ്രകാരം കേരള വഖഫ് ബോർഡിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ വിരമിക്കൽ പ്രായം 56 ആണ്. കഴിഞ്ഞ വർഷം 56 വയസ്സ് കഴിഞ്ഞതിനാൽ ജമാലിന് ബോർഡിന്റെ സി.ഇ.ഓ ആയി തുടരാൻ അർഹതയില്ല എന്നാണ് സർക്കാരിന്റെ വാദം.
1995 ലെ വഖഫ് നിയമ പ്രകാരം ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ സേവന വേതന വ്യവസ്ഥകൾ ഉൾപ്പെടുന്ന ചട്ടം രൂപീകരിക്കാൻ സർക്കാരിനാണ് അധികാരം. വിരമിക്കൽ പ്രായം നിശ്ചയിക്കുന്നത് തൊഴിൽ ദാതാവിന്റെ നയപരമായ അധികാരമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിലപാടിനെ കേരള വഖഫ് ബോർഡും സുപ്രീം കോടതിയിൽ പിന്താങ്ങി.
പുതിയ സി.ഇ.ഓയെ നിയമിക്കുന്നതിന് സുപ്രീം കോടതി പുറപ്പെടുവിച്ച സ്റ്റേ നീക്കണമെന്ന് വഖഫ് ബോർഡ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു എങ്കിലും കോടതി അതിന് തയ്യാറായിട്ടില്ല. ആറ് ആഴ്ചയ്ക്ക് ശേഷം ഹർജി പരിഗണിക്കാം എന്ന് കോടതി വ്യക്തമാക്കി.
Content Highlights: Kerala state waqf board C.E.O Muhammed Jamal, Kerala Government, Supreme court