തിരുവനന്തപുരം> കൊച്ചി പെട്രോ കെമിക്കൽ പാർക്കിൽ ഹെൽത്ത് കെയർ, ഫാർമാ വ്യവസായങ്ങൾക്ക് 80 ഏക്കർ അനുവദിച്ചു. ആറ് കമ്പനി ഇവിടെ യൂണിറ്റുകൾ സ്ഥാപിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. 500 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. കോവിഡ് സാഹചര്യത്തിൽ ആരോഗ്യ, മരുന്നുനിർമാണ മേഖലയിലെ വ്യവസായങ്ങൾക്കുള്ള വർധിച്ച സാധ്യത പരിഗണിച്ചാണിത്. ഈ രംഗത്തെ കൂടുതൽ വ്യവസായങ്ങൾ പെട്രോ കെമിക്കൽ പാർക്കിലെത്തും.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയിൽനിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത 481.79 ഏക്കറിലാണ് വ്യവസായ വകുപ്പിന് കീഴിലുള്ള കിൻഫ്ര പെട്രോ കെമിക്കൽ പാർക്ക് ഒരുക്കുന്നത്. കൊച്ചിൻ റിഫൈനറിയുടെ വിപുലീകരണവും അതുവഴി ലഭിക്കുന്ന അസംസ്കൃത പദാർഥങ്ങൾ ഉപയോഗിച്ച് പെട്രോ കെമിക്കൽ വ്യവസായങ്ങളുടെ ക്ലസ്റ്റർ സ്ഥാപിക്കുകയുമാണ് ലക്ഷ്യം. 171 ഏക്കർ ബിപിസിഎൽ വികസനത്തിന് പാട്ടത്തിന് അനുവദിച്ചു. 229 ഏക്കറാണ് വ്യവസായ സംരംഭങ്ങൾക്കായി നൽകുക. 33 ശതമാനം ഭൂമി ഹരിത ബെൽറ്റിനായി നിലനിർത്തും.
അടിസ്ഥാന സൗകര്യം കിൻഫ്ര ഒരുക്കും. ബിപിസിഎല്ലിൽനിന്ന് ലഭിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വ്യവസായങ്ങളാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. നിലവിൽ പെട്രോ കെമിക്കൽ രംഗത്ത് 23 കമ്പനിക്ക് പാർക്കിൽ സ്ഥലം അനുവദിച്ചിട്ടുണ്ട്.