തിരുവനന്തപുരം
കെഎസ്ആർടിസി ഡിപ്പോകളിലെ ഒഴിഞ്ഞ മുറികളിൽ ബിവറേജസ് കോർപറേഷന്റെ മദ്യവിൽപ്പനശാലകൾ തുറക്കാൻ അനുമതി നൽകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഷോപ്പിങ് കോംപ്ലക്സുകളിൽ അനുയോജ്യമായ സ്ഥലമായിരിക്കും അനുവദിക്കുക. യാത്രക്കാർക്ക് ബുദ്ധിമുട്ടാകുംവിധം ബസ് സ്റ്റാൻഡുകളിലായിരിക്കില്ല.
ബെവ്കോ കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നില്ല. നിലവിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ചിലത് കെഎസ്ആർടിസിയുടെ കോംപ്ലക്സുകളിലേക്ക് മാറ്റാനാണ് ബെവ്കോ അനുമതി ചോദിച്ചത്.
നിയമവിധേയമായി പ്രവർത്തിക്കുന്ന ഏത് സ്ഥാപനത്തിനും ഡിപ്പോകളിൽ വാടകമുറി അനുവദിക്കും. അതിന്റെ ഭാഗമായാണ് മദ്യവിൽപ്പനശാലകൾക്കുള്ള അനുമതി. വർഷങ്ങളായി നിരവധി മുറികൾ വാടകയ്ക്ക് പോകാതെയുണ്ട്. ഒഴിവുള്ള മുറികൾ വാടകയ്ക്ക് നൽകാമെന്ന് അറിയിച്ച് വിവിധ സർക്കാർവകുപ്പുകൾക്ക് കത്തയച്ചിരുന്നു.
ബെവ്കോയുടെ വിൽപ്പനശാലകളിൽ ഭൂരിഭാഗവും സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഉയർന്ന വാടകയാണ് ഇതിന് ബെവ്കോ നൽകുന്നത്. ഈ വരുമാനം കെഎസ്ആർടിസിക്ക് ലഭിക്കാൻ പുതിയ പദ്ധതി വഴിയൊരുക്കും.
ഡിപ്പോകളിൽ വിൽപ്പനശാലകൾമാത്രമാണ് തുറക്കുന്നത്. ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
തീരുമാനമെടുത്തിട്ടില്ല: മന്ത്രി
കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ബിവറേജസ് കോർപറേഷന്റെ മദ്യവിൽപ്പനശാലകൾ തുടങ്ങാൻ നിലവിൽ ആലോചനയില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ബെവ്കോ വിൽപ്പനശാലകളിൽ കൂടുതൽ സൗകര്യമൊരുക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
ഇതനുസരിച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള സാധ്യതകൾ ആരായും. ബസ് ടെർമിനലുകളിൽ വിൽപ്പനശാലകൾ ആരംഭിക്കാൻ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.