തിരുവനന്തപുരം> കേരള പൊലീസ് സൈബർഡോം സംഘടിപ്പിച്ച ഓൺലൈൻ ഹാക്കത്തോൺ “ഹാക്ക്പി 2021′ സമാപിച്ചു. അവസാന റൗണ്ടിൽ എത്തിയ 25 പേർക്കുവേണ്ടി ജോബി എൻ ജോൺ, രാഹുൽ സുനിൽ, ഹർ ഗോവിന്ദ് എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് സമ്മാന തുകയായ 10 ലക്ഷം രൂപ ഏറ്റുവാങ്ങി.
ഇന്ത്യയിൽ ആദ്യമായി ഡാർക്ക് വെബിലെ കുറ്റകൃത്യങ്ങൾ വിശകലനം ചെയ്യുകയും അതിനായി സോഫ്റ്റ്വെയർ നിർമിച്ചതും കേരള പൊലീസാണ്. രാജ്യത്തെ മറ്റുപല ലോ എൻഫോഴ്സ്മെന്റ് ഏജൻസികളും പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങളും ഈ സോഫ്റ്റ് വെയറിന്റെ സവിശേഷതകളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും അന്വേഷിച്ചറിയുകയും കേരള പൊലീസുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 15ന് ആരംഭിച്ച ഹാക്കത്തോൺ രജിസ്ട്രേഷനിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സോഫ്റ്റ്വെയർ ഡെവലപ്പേഴ്സ്, യൂസർ ഇന്റർഫേസ് /യൂസർ എക്സ്പീരിയൻസ് ഡിസൈനേഴ്സ്, ഇൻവെന്റർസ്, ഡാർക്ക് വെബ് റിസർചേഴ്സ് എന്നീ മേഖലകളിലുള്ളവരുടെ മുന്നൂറ്റിയറുപതോളം അപേക്ഷകൾ ലഭിച്ചിരുന്നു. 25 പേരെ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷനായി. മേയർ ആര്യ രാജേന്ദ്രൻ, ഡിജിപി അനിൽ കാന്ത്, എഡിജിപി മനോജ് എബ്രഹാം, എഡിജിപി (എൽഐഒ) വിജയ് സാഖറേ, പേടിഎം സീനിയർ വൈസ് പ്രസിഡന്റ് ജതീന്ദർ താങ്കർ, എസ്ബിഐ ജനറൽ മാനേജർ ഇന്ദ്രാനിൽ ബഞ്ച, ഡിഐജി പി പ്രകാശ് തുടങ്ങിയരും പങ്കെടുത്തു. ചടങ്ങിൽ മികച്ച പൊലീസ് സ്റ്റേഷൻ അവാർഡ് നേടിയ, തമ്പാനൂർ, ഇരിങ്ങാലക്കുട, കുന്നംകുളം സ്റ്റേഷനുകൾക്കുള്ള സമ്മാനവും മുഖ്യമന്ത്രി വിതരണം ചെയ്തു.