മൂവാറ്റുപുഴ> മികച്ച പ്രൈമറി വിഭാഗം അധ്യാപകനുള്ള സംസ്ഥാന സര്ക്കാർ അവാര്ഡിന് മൂവാറ്റുപുഴ പായിപ്ര ഗവ. യുപി സ്കൂളിലെ കെ എം നൗഫൽ അര്ഹനായി. കോവിഡ് കാലത്ത് ഓണ്ലൈനിൽ വ്യത്യസ്തമായ ക്ലാസുകൾ നടത്തി ശ്രദ്ധേയനായിരുന്നു നൗഫൽ. ഒന്ന്, രണ്ട് ക്ലാസുകളില് ഭാഷാപഠനം എളുപ്പമാക്കുന്നതിന് നൗഫൽ തയ്യാറാക്കിയ കുഞ്ഞുമലയാളം പദ്ധതി, എഴുത്തിലും വായനയിലും പ്രയാസമുള്ള കുട്ടികള്ക്കായി അവധിദിവസങ്ങളില് സംഘടിപ്പിച്ച മിന്നാമിന്നിക്കൂട്ടം ക്ലാസുകള് എന്നിവയും വേറിട്ടതായിരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിവിധ ക്ലബുകളുടെ മികച്ച കോ–-ഓർഡിനേറ്ററാണ് നൗഫൽ.
സ്കൂളില് ചങ്ങാതിക്കൂട്ടം പരിപാടി, കുട്ടിപ്പാട്ടുകൾ തയ്യാറാക്കൽ, പുസ്തകാസ്വാദനസദസ്സ്, വെര്ച്വല് ടൂര് പരിപാടികളുടെ കോ–-ഓര്ഡിനേറ്ററാണ്. വിക്ടേഴ്സ് ചാനലില് ഒന്നാംക്ലാസ് വിദ്യാര്ഥികള്ക്കായി മലയാളം ക്ലാസെടുത്തിരുന്നു. മൂന്ന് ഹ്രസ്വചിത്രങ്ങളും നിര്മിച്ചു.
പായിപ്ര ഗവ. യുപി സ്കൂളിൽ പ്രധാനാധ്യാപകന്റെ ചുമതലയാണ്. കാര്ഷികപ്രവര്ത്തനങ്ങള്, നന്മമരം പദ്ധതി എന്നിവയും നടത്തുന്നു. കുട്ടികള്ക്ക് മൊബൈല്ഫോണ് ചലഞ്ചിനായും പ്രവർത്തിച്ചു. ഇതിനെല്ലാമുള്ള അംഗീകാരമായാണ് അധ്യാപക അവാര്ഡ് നൗഫലിനെ തേടി എത്തിയത്. ഭാര്യ ഷീന ഈസ്റ്റ് മാറാടി ഹയര് സെക്കൻഡറി സ്കൂളിലെ താല്ക്കാലിക ഹിന്ദി അധ്യാപികയാണ്. മക്കൾ: അസീം മുഹമ്മദ് (എട്ടാംക്ലാസ് വിദ്യാര്ഥി), അസ മെഹറിന് (രണ്ടാംക്ലാസ് വിദ്യാര്ഥിനി).