തിരുവനന്തപുരം> ആർഎസ്എസിന്റെ ഒത്താശയോടെ ഒരുസംഘം തന്നെ ഭീഷണിപ്പെടുത്തി ജനം ടിവിയിൽനിന്ന് പുറത്താക്കിയെന്ന് സ്ഥാപകൻ പി കെ വിശ്വരൂപൻ. ഫെബ്രുവരി 19നു നടന്ന ബോർഡ് യോഗത്തിനുമുമ്പേ ഗൂഢാലോചന നടന്നു. ഇതിനെക്കുറിച്ചടക്കം സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന കുറിപ്പിൽ വിശ്വരൂപൻ വിശദമാക്കി. നിക്ഷേപം പിൻവലിക്കാൻ ഓഹരിയുടമകൾ സമീപിക്കുന്നതിനാലാണ്
കുറിപ്പെന്നും അദ്ദേഹം വിശദീകരിക്കുന്നു. എംഡിയും ഡയറക്ടർമാരും ഭീഷണിപ്പെടുത്തി. രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രാജിക്കത്തും അവർ തയ്യാറാക്കി. രാജിവച്ചില്ലെങ്കിൽ വലിയ പ്രശ്നമുണ്ടാകും, ജീവിക്കാൻ സമ്മതിക്കില്ല, കുടുംബം കുളംതോണ്ടും–- എന്നായിരുന്നു ഭീഷണി. ആർഎസ്എസ് നേതൃത്വവുമായും മറ്റ് ഡയറക്ടർമാരുമായും ആലോചിച്ച് വേണ്ടതുചെയ്യാമെന്ന് താൻ പറഞ്ഞു. എന്നാൽ, ആർഎസ്എസാണ് പിന്നിലെന്ന് പിന്നീട് മനസ്സിലായി. അടുത്ത യോഗത്തിൽ താൻ രാജിസമർപ്പിച്ചു. പുതിയ ഭരണകർത്താക്കൾ ദുഷ്പ്രചാരണംനടത്തുന്നുണ്ട്. 50 ശതമാനത്തിലധികം ഓഹരി സമാഹരണം താൻ നേരിട്ടാണ് നടത്തിയത്. 2002 മുതലുള്ള അധ്വാനമാണ് ഇതിനു പിന്നിൽ. വിശ്വരൂപൻ പറയുന്നു.