റിസേര്ച്ച് ഡെസ്ക്> സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ തൊഴിലാളിവർഗപ്രസ്ഥാനം നടത്തിയ പോരാട്ടത്തിന്റെ നേർസാക്ഷ്യമായ ദക്ഷിണേന്ത്യൻ റെയിൽവേ പണിമുടക്കിന്റെ ഭാഗമായ ഗോൾഡൻ റോക്ക് രക്തസാക്ഷിത്വത്തിന് ഞായറാഴ്ച മുക്കാല്നൂറ്റാണ്ട് പൂർത്തിയാകുന്നു. രണ്ടാംലോക യുദ്ധാനന്തരം രാജ്യത്തെ വറുതിയില്നിന്ന് രക്ഷിക്കുന്നതിനു പകരം കൂട്ടപ്പിരിച്ചുവിടലുകളും ശമ്പളം, റേഷന് വെട്ടിക്കുറയ്ക്കലുമുണ്ടായി. ഇതിനെതിരെ ഉയർന്ന പ്രക്ഷോഭങ്ങളിൽ ഒന്നാണ് 1946 ആഗസ്ത് 24 മുതൽ സെപ്തംബർ 24 വരെ നീണ്ട ദക്ഷിണേന്ത്യൻ റെയിൽവേ പണിമുടക്ക്.
ശമ്പളവർധന, ജോലി സ്ഥിരപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങള് യുദ്ധാനന്തരം നടപ്പാക്കാമെന്ന വാഗ്ദാനം പൂര്ണമായി ലംഘിച്ചു. മാത്രമല്ല, മൂന്നുലക്ഷംപേരെ പിരിച്ചുവിടാനും ക്ഷാമബത്ത വെട്ടിക്കുറയ്ക്കാനും ധാന്യ ഷോപ്പുകൾ പൂട്ടാനും ഒരുങ്ങി. ഇതോടെയാണ് പണിമുടക്കിന് ആഹ്വാനമുണ്ടായത്. ദക്ഷിണേന്ത്യൻ റെയിൽവേയുടെ പ്രവർത്തനകേന്ദ്രമായ തിരിച്ചിറപ്പിള്ളി ഗോൾഡൻ റോക്കിലെ യൂണിയൻ ഓഫീസ് വളപ്പിൽ 1946 സെപ്തംബർ അഞ്ചിന് ആയിരക്കണക്കിന് തൊഴിലാളികളുടെ യോഗം നടക്കവേ മലബാർ സ്പെഷ്യൽ പൊലീസ് അതിക്രമിച്ചു കയറി വെടിയുതിര്ത്തു.
കൃഷ്ണമൂർത്തി (24), രാമചന്ദ്രൻ (25), രാജു(20), തങ്കവേലു (20), ത്യാഗരാജൻ (28) എന്നീ അഞ്ച് സഖാക്കൾ രക്തസാക്ഷിത്വം വരിച്ചു. കൂട്ടക്കുരുതിക്കുശേഷവും പണിമുടക്ക് ശക്തമായി തുടർന്നു. ഒന്നാം ശമ്പള കമീഷനെ നിയമിക്കുകയും ഇടക്കാലാശ്വാസം പ്രഖ്യാപിക്കുകയും ചർച്ചയ്ക്ക് തയ്യാറാകുകയും ചെയ്തതോടെ പണമുടക്ക് പിൻവലിച്ചു. എന്നാല്, റെയിൽവേയിലെ ബ്രിട്ടീഷുകാരായ ഉദ്യോഗസ്ഥൻ പ്രതികാരബുദ്ധിയോടെ പ്രവര്ത്തിച്ചു. ഇടക്കാല തെരഞ്ഞെടുപ്പിലൂടെ പ്രവിശ്യകളിൽ അധികാരത്തിൽ വന്ന കോൺഗ്രസ്–- മുസ്ലിംലീഗ് നേതൃത്വം ഒത്താശ ചെയ്തു. പണിമുടക്കിന് നേതൃത്വം നൽകിയ ഒമ്പത് ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. ഗോൾഡൻ റോക്ക് വർക്ക് ഷോപ്പിൽനിന്ന് ഏഴുപേരെ സസ്പെൻഡ് ചെയ്തു. തൊഴിലാളികൾ വീണ്ടും സമരം തുടങ്ങി. ലോക്കൗട്ട് പ്രഖ്യാപിച്ച് നൂറുകണക്കിന് തൊഴിലാളികളെ ശിക്ഷിക്കുകയാണ് അധികാരികൾ ചെയ്തത്. സമരത്തെ അടിച്ചർത്താനുള്ള ശ്രമം തൊഴിലാളികൾ ചെറുത്തുതോൽപ്പിച്ചു.
ചർച്ചയ്ക്കുപോലും ആദ്യഘട്ടത്തിൽ തയ്യാറാകാത്ത ഉദ്യോഗസ്ഥര്ക്ക് നിലപാട് മാറ്റേണ്ടിവന്നു. ജനകീയ പിന്തുണ ഏറിയതോടെ റെയിൽ മന്ത്രി നേരിട്ട് ഇടപെട്ട് സമരം ഒത്തുതീർപ്പാക്കി. രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി ദക്ഷിൺ റെയിൽവേ എപ്ലോയീസ് (സിഐടിയു) സംഘടിപ്പിക്കുന്ന പരിപാടികള്ക്ക് ഞായറാഴ്ച ഗോൾഡൻ റോക്കിലെ പൊതുയോഗത്തോടെ സമാപനമാകും.