കൊച്ചി
കളമശേരി നിയോജകമണ്ഡലത്തിലെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യം നൽകുന്ന സ്കില്ലിങ് കളമശേരി യൂത്ത് (സ്കൈ) തൊഴിൽ നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമായി. പദ്ധതി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി പി രാജീവ് അധ്യക്ഷനായി.
കേരള സമൂഹത്തിനെ അടിമുടി മാറ്റാൻ പദ്ധതിക്ക് കഴിയുമെന്നും സംസ്ഥാനത്താകെ പദ്ധതി നടപ്പാക്കണമെന്നും തോമസ് ഐസക് പറഞ്ഞു. സാങ്കേതികവിദ്യ അതിവേഗം മാറുന്ന സാഹചര്യത്തിൽ പുതിയ തലമുറയെ മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് സ്കൈ പദ്ധതി സഹായമാകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കാലഘട്ടത്തിനാവശ്യമായ കഴിവുകൾ പുതിയ തലമുറയിലേക്കെത്തിക്കണം. അതിൽ അവസരങ്ങളും നൽകേണ്ടതുണ്ട്. കുസാറ്റ്, കീഡ്, പോളിടെക്നിക്, ഐടിഐ അടങ്ങിയ വ്യവസായ പരിശീലനസ്ഥാപനങ്ങൾ ഒത്തുചേർന്നാണ് സ്കൈ നടപ്പാക്കുന്നത്. അതോടൊപ്പം പുതിയ തലമുറയുടെ ആശയങ്ങളും ചേർത്തായിരിക്കും പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. 200 വിദ്യാർഥികൾ ഓൺലൈനായും 60 വിദ്യാർഥികൾ നേരിട്ടും ക്ലാസിൽ പങ്കെടുത്തു. കീഡ് സിഇഒ ശരത് വി രാജ്, കുസാറ്റ് വൈസ് ചാൻസലർ കെ എൻ മധുസൂദനൻ, കളമശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, സ്കൈ കോ–-ഓർഡിനേറ്റർ വി എ ഷംസുദീൻ എന്നിവർ പങ്കെടുത്തു.