കൊച്ചി> എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനായില്ലെങ്കിൽ കോൺഗ്രസിന്റെ സർവനാശമായിരിക്കുമെന്ന് കെ ബാബു എംഎൽഎ. പ്രായത്തിന്റെ പേരിൽ ആരെയും ഒഴിവാക്കാനാകില്ല.
74 വയസ്സുകാരനും പുതുതലമുറയും ഒപ്പം വേണം. 86 വയസ്സായെന്നുപറഞ്ഞ് ടി എച്ച് മുസ്തഫയെ ഒഴിവാക്കി ജില്ലയിലെ കോൺഗ്രസിന് മുന്നോട്ടുപോകാനാകുമോ എന്നും എറണാകുളം ഡിസിസി പ്രസിഡന്റ് പദവിഏറ്റെടുക്കൽ ചടങ്ങിൽ വേദിയിലുണ്ടായിരുന്ന മുസ്തഫയെ ചൂണ്ടി കെ ബാബു ചോദിച്ചു.
സമരം ചെയ്യാൻ വിഷയമില്ലാഞ്ഞിട്ടാണോ കോൺഗ്രസ് നേതാക്കൾ തമ്മിൽ തല്ലുന്നതെന്നായിരുന്നു ഡിസിസി മുൻപ്രസിഡന്റുകൂടിയായ കെ പി ധനപാലന്റെ ചോദ്യം. മൈക്ക് കണ്ടാൽ പാർടി അച്ചടക്കം മറന്ന് എന്തും പറയുന്നവരായി നേതൃനിര മാറി.
ജില്ലാ കോൺഗ്രസ് അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിന് മുൻകാലങ്ങളിലെപ്പോലെ ആവേശമില്ലെന്നും ധനപാലൻ പറഞ്ഞു. പാർടി നേരിടുന്ന വെല്ലുവിളി അതിജീവിക്കാൻ തുറന്ന ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ബെന്നി ബഹനാനും പറഞ്ഞു.