തിരുവനന്തപുരം> പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയിട്ട് നാല് വർഷം. 2017 സെപ്തംബർ അഞ്ചിന് രാത്രി എട്ടിനാണ് തെക്കുപടിഞ്ഞാറൻ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് അവര് വിടപറഞ്ഞത്. തീവ്രഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയാണ് കൊലയ്ക്കു പിന്നിൽ. നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, എം എം കലബുർഗി എന്നിവരെ വധിച്ചതും ഇതേ സംഘടന.
കേസ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു. കോടതികൾ ഇടപെട്ടതോടെ പലപ്പോഴായി 19 പ്രതികളെ അറസ്റ്റ് ചെയ്തു. 2018 നവംബർ 23ന് പ്രധാന കുറ്റപത്രം നല്കിയെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല. അനുബന്ധ കേസുകള് പൂർത്തിയാകാത്തതും പ്രതികൾ വിവിധ ജയിലുകളില് കഴിയുന്നതും പ്രധാന തടസ്സം. വിചാരണ വേഗത്തിലാക്കാൻ രണ്ട് വർഷംമുമ്പ് കർണാടക ഹൈക്കോടതി നിർദേശിച്ചിട്ടും സംസ്ഥാന സര്ക്കാരിന് താൽപ്പര്യമില്ല.
മതത്തെ സംരക്ഷിക്കാനാണ് കൊല നടത്തിയത് എന്നാണ് ഗൗരിക്കുനേരെ നിറയൊഴിച്ച പരശുറാം വാഗ്മോർ മൊഴിനല്കിയത്. ‘മതത്തെ സംരക്ഷിക്കാൻ നക്സലുകളെപ്പോലെ’ പ്രവർത്തിക്കണമെന്നാണ് സനാതൻ സൻസ്തയുടെ ആഹ്വാനം. 2008 ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പൻവേലിലുള്ള സൈൻരാജ് തിയറ്ററിൽ ‘ജോധ അക്ബർ’ പ്രദർശിപ്പിക്കുന്നതിനിടെ സ്ഫോടനം നടത്തി. ലോകമെങ്ങുമുള്ള മത-ഭീകരവാദ സംഘടനകളുടെ അതേ പ്രവര്ത്തനരീതി. സനാതൻ സൻസ്തയെ നിരോധിക്കണമെന്ന ആവശ്യം സംസ്ഥാനങ്ങളിൽനിന്ന് ഉയരുന്നു.
സിപിഐ എം, കോൺഗ്രസ്, എൻസിപി എന്നീ പാർടികളും ആവശ്യമുന്നയിച്ചു. കേന്ദ്ര സർക്കാർ അനുകൂല നിലപാട് എടുത്തില്ല. ഗൗരി ലങ്കേഷിനെ നിശ്ശബ്ദമാക്കിയ ഹിന്ദുത്വ ഭീകരവാദികൾ തോക്ക് താഴ്ത്തിയിട്ടില്ലെന്നാണ് സമകാലിക സംഭവങ്ങൾ വിളിച്ചുപറയുന്നത്.